വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

വേളൂക്കര : ആർദ്രം പദ്ധതിയുടെ ഭാഗമായി വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . 15 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടുപയോഗിച്ചാണ് വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. രോഗി സൗഹൃദത്തോടൊപ്പം മികച്ച ചികിത്സ സൗകര്യം കൂടി ഒരുക്കുക എന്നതാണ് ആർദ്രം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

രെജിസ്ട്രേഷൻ കൗണ്ടർ, ഒ. പി. വിഭാഗം, ഡോക്ടർമാരുടെ മുറി, പരിശോധന മുറി, ഫാർമസി, ലാബ് എന്നിവയെല്ലാമാണ് നവീകരിച്ചിട്ടുള്ളത്. കേന്ദ്രത്തിൽ രോഗി സൗഹൃദ കസേരകൾ, കുടിവെള്ളം, ടെലിവിഷൻ എന്നിവയും ഉണ്ടായിരിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത്‌ പദ്ധതി നടപ്പിലാക്കും. ഈ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ 3 ഡോക്ടർമാരുടെയും 3 സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാകും. ഒ. പി.കൗണ്ടർ രാവിലെ 8 മണി മുതൽ വൈകിട്ടു 5 മണി വരെ ഉണ്ടായിരിക്കും.

കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പ്രൊഫ. കെ. യു. അരുണൻ ശിലാഫലകം അനാഛാദനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടി. എൻ. പ്രതാപൻ എം. പി.വിശിഷ്ടാതിഥി ആയിരുന്നു. ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ് രാധാകൃഷ്ണൻ, വേളൂക്കര പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ അനിൽകുമാർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. സുരേഷ്, വാർഡ് മെമ്പർ ഷാറ്റോ കുര്യൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ജയ ഹരി എന്നിവർ സംസാരിച്ചു. വേളൂക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി. പീറ്റർ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. താനൂജ നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top