സ്‌കൗട്ട് & ഗൈഡ്‌സിന്‍റെ പട്രോൾ ലീഡർമാർക്കുള്ള ത്രിദിന വെർച്ച്വൽ ട്രെയിനിങ് ക്യാമ്പ്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്‌കൂൾ യൂണിറ്റിലെ സ്‌കൗട്ട് & ഗൈഡ്‌സിന്‍റെ പട്രോൾ ലീഡർമാർക്കുള്ള, സെപ്റ്റംബർ 25 ന് വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതൽ ആരംഭിച്ച് 27 തിങ്കളാഴ്ച വൈകീട്ട് നാല് മണിവരെ, മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ത്രിദിന വെർച്ച്വൽ ട്രെയിനിങ് ക്യാമ്പിന്റെ ഉദ്‌ഘാടനം ചാലക്കുടി എം.എൽ.എ. ബി.ഡി ദേവസ്സി നിർവ്വഹിക്കും. ജില്ലാ പ്രസിഡണ്ട് സുബാഷ് ചന്ദ്രദാസ് അധ്യക്ഷത വഹിക്കും.

ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 80 സ്കൗട്ട്, ഗൈഡ് വിദ്യാർഥികളും, 20 അദ്ധ്യാപകരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകീട്ട് ക്യാമ്പ് സമാപിക്കും. സംസ്ഥാനത്തെയും, ജില്ലയിലെയും മികച്ച സ്കൗട്ട് ഗൈഡ് അധ്യാപകർ ക്യാമ്പിൽ ക്ലാസ്സുകൾ നൽകും. അവരെ സഹായിക്കുന്നതിന്, ജില്ലയിലെ മികച്ച റോവർ, റേഞ്ചർ ടീമും ക്യാമ്പിനോടൊപ്പമുണ്ട്.

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന കമ്മിഷണർ പ്രൊഫ. ഇ യു രാജൻ മുഖ്യാതിഥിആയിരിക്കും. ജില്ലാ കമ്മീഷണർ (സ്കൗട്ട്) എൻ.സി വാസു , ജില്ലാ കമ്മീഷണർ (ഗൈഡ് ) സിസ്റ്റർ ഫ്ലോറൻസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ‘ഗൂഗിൾ മീറ്റ്’ ഫ്ലാറ്റ്ഫോമിൽ ആയിരിക്കും ട്രെയിനിങ് നടക്കുക. ലീഡർഷിപ്പ് ട്രെയിനിങ് ക്ലാസുകൾ, ഫ്ലാഗ് നിർമ്മാണം, ഗാഡ്ജറ്റ് നിർമ്മാണം, ബി.പി. സിക്സ് എക്സ്സർസൈസുകൾ, പാട്ടുകൾ, ഓൺലൈൻ ഗ്രൂപ്പ് കളികൾ, ക്യാമ്പ്ഫയർ എന്നിവ ക്യാമ്പിൽ നടക്കും. ഇരിങ്ങാലക്കുട ജില്ലാ ഓർഗനൈസറിങ് കമ്മീഷണർ കെ.ഡി ജയപ്രകാശ് ആണ് ക്യാമ്പ് ലീഡർ.

Leave a comment

Top