ഒറ്റ, ഇരട്ട അക്കൗണ്ട് നമ്പർ നിയന്ത്രണങ്ങളുമായി ഇരിങ്ങാലക്കുടയിലെ ബാങ്കുകൾ

ഒറ്റ അക്കത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ള ഉപഭോക്താക്കൾക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലും, ഇരട്ട അക്കത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും, സീനിയർ സിറ്റിസൺസിന് വെള്ളിയാഴ്ചയും ഇടപാടുകൾ നടത്തുന്ന രീതിയിൽ പോലീസിന്‍റെ അഭ്യർത്ഥന പ്രകാരം ക്രമീകരണം

ഇരിങ്ങാലക്കുട : ഒരുമാസത്തോളമായി അടഞ്ഞുകിടന്ന ഇരിങ്ങാലക്കുടയിലെ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാനായി ഒറ്റ അക്കത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ള ഉപഭോക്താക്കൾക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലും, ഇരട്ട അക്കത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും, സീനിയർ സിറ്റിസൺസിന് വെള്ളിയാഴ്ചയും ഇടപാടുകൾ നടത്തുന്ന രീതിയിൽ പോലീസിന്‍റെ അഭ്യർത്ഥന പ്രകാരം ക്രമീകരണം വരുത്തുന്നു.

ഇതിനുപുറമേ എല്ലാ ബാങ്ക് അധികൃതർക്കുള്ള പൊതുനിർദ്ദേശങ്ങൾ പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ബാങ്കുകളിൽ പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം നിർബന്ധമായി സ്ഥാപിക്കണം. ഉപഭോക്താക്കൾക്ക് നിൽക്കേണ്ട സ്ഥലം സാമൂഹിക അകലം പാലിച്ച് പ്രത്യേകം മാർക്ക് ചെയ്യണം. പ്രായം ചെന്നവർക്ക് പരിഗണന നൽകണം. ബാങ്കുകളിലും എ.ടി.എമ്മുകളിൽ നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ കരുതേണ്ടതാണ്. ബാങ്ക് കൗണ്ടറുകളിൽ ഇടപാടുകാർക്ക് മുൻപിലായി ട്രാൻസ്പാരന്റ് ഷീറ്റുകൾ സ്ഥാപിക്കേണ്ടതാണ്. വിസിറ്റേഴ്സ് രജിസ്റ്റർ എല്ലാ ബാങ്കുകളിലും നിർബന്ധമായി സൂക്ഷിക്കണം.

ഇരിങ്ങാലക്കുട മേഖലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ, കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ എന്നിവ നീക്കിയതിനു ശേഷം ബാങ്കുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും സാമൂഹിക അകലം പോലും പാലിക്കുന്നില്ല. കൊവിഡ് വ്യാപനത്തിന് വീണ്ടും കാരണമായേക്കാവുന്ന ഈ സാഹചര്യം മുന്നിൽ കണ്ടാണ് പോലീസ് ബാങ്കുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top