കെ.എൽ.ഡി.സി.കനാലിലെ ചണ്ടി നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു- സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യത

മുരിയാട് : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ, ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറക്കാനിടയായാൽ അധികജലം തൊമ്മാനയിൽ നിന്നും തുടങ്ങുന്ന കെ.എൽ.ഡി.സി. കനാൽ വഴി കരുവന്നൂർ പുഴയിലേക്ക് എത്തിച്ചേരുന്ന മുരിയാട് കായലിലെ മാടായിക്കോണം ചാത്തൻമാസ്റ്റർ റോഡിൽ കോന്തിപുലം കെ.എൽ.ഡി.സി. കനാലിന് കുറുകെയുള്ള പാലത്തിനടിയിൽ ചണ്ടിയും, പുല്ലും ഒഴുകി വന്ന് സ്ലൂയിസ് ക്രോസ്സ് ബാറിൽ തടഞ്ഞുനിൽക്കുന്നതിനാൽ നീരൊഴുക്ക് വലിയതോതിൽ തടസ്സപ്പെട്ടിരിക്കുന്നു. പാലത്തിനിരുവശത്തുള്ള ജലനിരപ്പിൽ നാലടിയോളം വ്യത്യാസമുണ്ട്. ഇത് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും, ആനുരുളി-മുരിയാട് റോഡ്, നമ്പ്യങ്കാവ്-ആനന്ദപുരം ബണ്ട് റോഡ്, ചാത്തൻ മാസ്റ്റർ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുള്ളതിനാൽ ഇരിങ്ങാലക്കുട നഗര സഭയിലെ 7, 8, 9,10,11,13 എന്നീവാർഡുകളിലെയും, മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം, മുരിയാട്, പുല്ലൂർ, ആനുരുളി, തുറവൻകുന്ന് എന്നീ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനിടയുണ്ട്. ആയതിനാൽ ചാത്തൻ മാസ്റ്റർ റോഡിലെ പാലത്തിന് ഇരുവശത്തും അടിഞ്ഞുകൂടിയ പുല്ലും, ചണ്ടിയും, എക്കലും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് സമീപ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് മുകുന്ദപുരം തഹസിൽദാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി.രാജു ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top