ഇരിങ്ങാലക്കുടയുടെ ലോക്ക് ഡൗൺ ദുരവസ്ഥയ്ക്ക് കാരണം എം.എൽ.എ.യുടെയും എം.പി.യുടെയും നിരുത്തരവാദിത്വം – ബി.ജെ.പി മുൻസിപ്പൽ കമ്മറ്റി

ഇരിങ്ങാലക്കുട : ട്രിപ്പിൾ ലോക്ക്ക് ഡൗൺ 20 ദിവസം പിന്നിട്ടും അയവില്ലാതെ തുടരുന്നത് ഇരിങ്ങാലക്കുടക്ക് നാഥനില്ലാത്തതു കൊണ്ടാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു. ജൂലായ് 15 നാണ് ലോക് ഡൗൺ തുടങ്ങുന്നത്. കെ.എസ് കമ്പനിയുടെ രോഗവ്യാപന ക്ലസ്റ്ററുമായി ബന്ധപ്പെട്ട് തുടങ്ങിയ ഈ അവസ്ഥയിൽ നിന്ന് ഇരിങ്ങാലക്കുട ഇന്ന് മോചിതമായിക്കഴിഞ്ഞു. കേന്ദ്രീകൃതമായിട്ടുള്ളതും മാരകവുമായ രോഗാവസ്ഥ ഇപ്പോൾ ഇല്ല. രോഗവ്യാപനം ചെറിയ ചെറിയ തോതിൽ പലഭാഗങ്ങളിലായ അവസ്ഥയിലാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

ലോക് ഡൗൺ മൂലം ജനങ്ങളാകെ തകർന്ന നിലയിലാണ്.. കടകളിലൊന്നും ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ്. നിരവധി പേർ മുൻസിപ്പാലിറ്റിക്ക് അകത്തും പുറത്തുമായി യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുന്നു. ഒട്ടനവധി കുടുംബങ്ങൾ ദാരിദ്യത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ദിവസകൂലിക്കാരായ തൊഴിലാളികൾ തൊഴിലും പണിയും ഉപജീവന മാർഗവും മുട്ടിയ അവസ്ഥയിലാണ്. നഗരസഭ രോഗവ്യാപനതോത് കുറഞ്ഞതിന്റെ കണക്കുകൾ നിരത്തി ആവശ്യപ്പെട്ടിട്ടും ജില്ലാ ഭരണകൂടം ഗൗനിക്കുന്നില്ല. നഗരസഭയിലെ 41 വാർഡുകളിൽ നിന്നായി ആഗസ്റ്റ് 1 മുതൽ 5 വരെ പ്രതിദിനം 3, 2, 1 ,3,4, എന്നി തോതിലാണ് രോഗവ്യാപനം. കെ.എസ് കമ്പനിയും പരിസരവും പോലെ രോഗ സാന്നിദ്ധ്യമുള്ള പ്രദേശങ്ങൾക്ക് മാത്രമേ ലോക് ഡൗൺ ആവശ്യമുള്ളു.

ഇത്തരം മേഖലകൾ മാത്രം കണ്ടയ്മെന്റ് സോണുകളാക്കുക എന്ന മുഖ്യമന്ത്രിയുടെ നിലപാട് പോലും ഇവിടെ അംഗീകരിക്കപ്പെടുന്നില്ല. ഇരിങ്ങാലക്കുട എം.എൽ എ യെയും എം.പിയേയും കാണുവാൻ തന്നെ കിട്ടുന്നില്ല. ഇവരുടെ ഒരു ഇടപെടലും ഇവിടെ ഉണ്ടായിട്ടില്ല.പ്ലസ് വൺ അപേക്ഷ സമർപ്പിക്കുന്നതിനും ലൈഫ് ഭവനപദ്ധതിക്കുമെല്ലാം സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് ആളുകൾക്ക് പുറത്ത് ഇറങ്ങിയെ പറ്റുകയുള്ളു. ട്രിപ്പിൾ ലോക് ഡൗൺ അടിയന്തിരമായി പിൻവലിക്കണം, എം .പി യും എം.എൽ.എ യും ജില്ലാ ഭരണകൂടത്തെ ഇരിങ്ങാലക്കുടയിലെ ദുരവസ്ഥ ധരിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

മുൻസിപ്പാലിറ്റി പ്രസിഡണ്ടും പാർളിമെന്ററി പാർട്ടി നേതാവുമായ സന്തോഷ് ബോബൻ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ അദ്ധ്യക്ഷത വഹിച്ചു. സത്യദേവ് മൂർക്കനാട് , രാകേഷ്. പി.ആർ. അയ്യപ്പദാസ് വി.കെ. എന്നിവർ പങ്കെടുത്തു.

Leave a comment

Top