ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ, ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാനായി ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നടപ്പിലാക്കിയ ട്രിപ്പിൾ ലോക്ക് ഡൌൺ നീക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്ത്. ഇവരുടെ പ്രധാന ആവശ്യം കടുത്ത നിയന്ത്രണങ്ങൾ കാരണം ജനങ്ങളുടെ ജീവിത മാർഗം അടയുന്നു എന്നുള്ളതാണ്. അതിനു പുറമെ നഗരസഭാ പ്രദേശങ്ങളിൽ പ്രതിദിന കോവിഡ് ബാധിത നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നുള്ളതുമാണ്. 18 ദിവസമായി തുടരുന്ന ലോക്‌ഡോണും, 9 ദിവസമായി തുടരുന്ന ട്രിപ്പിൾ ലോക്ക് ഡൗണും ജനജീവിതത്തെയും വ്യാപാര വ്യവസായ മേഖലകളെയും സാരമായി ബാധിച്ചു എന്നുള്ള വാസ്തവം നിലനില്കുമ്പോളും എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തുടരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെയാണ് ആരോഗ്യ പ്രവർത്തകർ നിരത്തുന്ന വസ്തുതകൾ നാം രാഷ്ട്രീയ വ്യാവസായിക താല്പര്യങ്ങൾക്കപ്പുറം മുഖവിലക്കെടുക്കേണ്ടത്.

ആഗസ്റ് 3 വരെ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ 123 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ 56 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 67 പേരുടെ ഫലം നെഗറ്റീവായി. എന്നാൽ ഏവരിലും ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു കണക്കുകൂടെയുണ്ട്. കേവലം ഒരു മാസം മുമ്പ് വരെ നഗരസഭാ പരിധിയിൽ 27 കേസ്സുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിരുന്നുള്ളു. നിലവിൽ ഇരിങ്ങാലക്കുടയിൽ 3 കോവിഡ് ക്ളസ്റ്ററുകളാണ് സജീവം. പ്രൈമറി കോൺടാക്ട് വഴിയും സെക്കൻഡറി കോൺടാക്ട് വഴിയും രോഗവ്യാപനം എറിയതുകൊണ്ടാണ് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. അതിനാൽ തന്നെ ഇപ്പോൾ വ്യാപനവും കുറഞ്ഞിട്ടുണ്ട്. പക്ഷെ രോഗവ്യാപനത്തിന്‍റെ പ്രഭവകേന്ദ്രം ഇരിങ്ങാലക്കുട തന്നെ ആയതിനാലാണ് ഇപ്പോളും നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകാത്തത്. രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ട എപിക് സെന്റർ ആയി ഇപ്പോളും നിലനിൽക്കുന്ന നഗരത്തിലെ കെ.എസ്.ഇ ക്ലസ്റ്റർ, കെ.എൽ.എഫ് ക്ലസ്റ്റർ, ഇരിങ്ങാലക്കുട ക്ലസ്റ്റർ എന്നിവ. ഇതിനു പുറമെ ഐ.സിൽ.എൽ, റിലൈൻസ് ഫ്രഷ് സൂപ്പർ മാർക്കറ്റ് എന്നിവടങ്ങളിലും കഴിഞ്ഞ ദിവസം അഞ്ചിൽ കൂടുതൽ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റു ജീവനക്കാർ ഇപ്പോളും നിരീക്ഷണത്തിലാണ്. ഇവരിൽനിന്നും രോഗപകർച്ച ഉണ്ടായിട്ടുണ്ടോ എന്ന വരും ദിവസങ്ങളിൽ മാത്രമേ അറിയാനൊക്കു. രോഗ വ്യാപനമുണ്ടായ പലസ്ഥാപനങ്ങളും ജീവകാരുടെ പൂർണ്ണമായ ലിസ്റ്റ് ആരോഗ്യ പ്രവർത്തകർക്ക് കൈമാറാത്തതും പ്രതിരോധ നടപടികളെ ബാധിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ രോഗ ബാധിതർ കഴിഞ്ഞ ദിവസങ്ങളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും , ഇവിടെനിന്നുള്ള ക്ലസ്റ്ററുകളിൽനിന്ന് രോഗം ബാധിച്ചവരാണ് സമീപ പഞ്ചായത്തുകളിലും ജില്ലയുടെ പല മേഖലയിലും ഇപ്പോൾ ഉള്ളത്. 20 പേരിലധികം ഇത്തരം കേസ്സുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇവർക്കെല്ലാം രോഗം ബാധിച്ചത് ഇരിങ്ങാലക്കുടയുമായുള്ള സമ്പർക്കത്തിലാണ്. ഇടവിട്ട് നടക്കുന്ന റാൻഡം പരിശോധനകളിൽ ഇപ്പോൾ പലർക്കും രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. മുരിയാട് പഞ്ചായത്തിൽ രോഗവ്യാപനത്തോത് അപകടകരമായ രീതിയിൽ ഉയരുനുണ്ട്. ഇത് മനപൂർവം കണ്ടില്ലെന്ന് നടിച്ചും നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ലോക്ക് ഡൌൺ നിയന്ത്രണനകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള അവലോകനയോഗം ചേരാനിരിക്കെയാണ് ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്, ഇപ്പോളും രോഗ ഉറവിടം വ്യക്തമായിട്ടില്ലാത്ത കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പർക്കപട്ടികയിൽ ഉൾപെട്ടവരുടെ പരിശോധനകൾ നടന്നു വരുന്നതേയുള്ളു. അതുമാത്രമല്ല ക്ളസ്റ്ററുകളിൽ ഉൾപെട്ടവരുടെ വീട്ടുകാർക്ക് ഇപ്പോളും രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അഞ്ചു ദിവസമെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ എടുക്കുമെന്നുള്ളതും പരിശോധനകൾ വൈകിപ്പിക്കുന്നുണ്ട്. രോഗ വ്യാപന സാദ്ധ്യതകൾ പൂർണ്ണമായും മാറാതെ നിയന്ത്രണങ്ങൾ എടുത്തു മാറ്റിയാൽ ഇതുവരെ ചെയ്തുപോന്ന ചിട്ടയായ പ്രവർത്തനങ്ങൾക്ക് ഫലമില്ലാതെ വരുമെന്ന് ആശങ്കകളുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നിലവിൽ ഇരിങ്ങാലക്കുട മേഖലയിൽ രോഗവ്യാപനം പിടിച്ചുനിറുത്തുവാൻ സഹായകരമായത് ഇളവുകളിലാത്ത ശക്തമായ ട്രിപ്പിൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കാരണമാണെന്നും ഇവർ വ്യക്തമാക്കി. നഗരസഭ പരിധിയിൽ രോഗവ്യാപനം കുറവുണ്ടെന്ന റിപ്പോർട്ട് നഗരസഭാ അധികൃതർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top