ജയില്‍ കെട്ടിടം ഒഴിപ്പിക്കല്‍: സംഗമേശ്വര ഭക്തരെ വര്‍ഗ്ഗീയ വാദികളെന്ന് വിളിച്ച എം.പി. ജാക്‌സണ്‍ മാപ്പ് പറയുക – ബി.ജെ.പി

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര ഭൂമികളും കെട്ടിടങ്ങളും തിരിച്ചെടുക്കാന്‍ പ്രയത്നിക്കുന്ന സംഗമേശ്വര ഭക്തരെ വര്‍ഗീയ വാദികളെന്ന് വിളിച്ച കെ.പി.സി.സി മുന്‍ ജനറല്‍ സെകട്ടറി എം.പി ജാക്‌സണ്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. കെ.പി.എം.എസ്, എസ്.എൻ.ഡി.പി, എന്‍.എസ്.എസ് തുടങ്ങി സാമുദായിക സംഘടനകളും ഭക്തജന സംഘടനകളും ഹൈന്ദവ സംഘടനകളും വര്‍ഷങ്ങളായി സമരം ചെയ്ത് നേടിയെടുത്തതാണ് കച്ചേരി വളപ്പ് . ഠാണാ സബ്ജയില്‍ ഭൂമിയും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് കെട്ടിടവും ഒഴിഞ്ഞ് കിട്ടണം എന്ന ആവശ്യം സംഗമേശ്വര ഭക്തര്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ്.

വര്‍ഷങ്ങളായി സംഗമേശ്വര ഭക്തര്‍ സമരം ചെയ്യുമ്പോള്‍ അധികാരങ്ങളിലിരുന്ന എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി വന്ന ദേവസ്വം ഭരണസമിതികളും ദേവസത്തിന് എതിരെയായിരുന്നു പ്രവര്‍ത്തിച്ചത്. സംഗമേശ്വര ഭക്തരുടെ വര്‍ഷങ്ങളായുള്ള ജനകീയ പ്രക്ഷോഭവും നിയമ നടപടിയുമാണ് കച്ചേരി വളപ്പ് തിരിച്ചു കിട്ടാനിടയായത്. അന്നൊന്നും ചെറുവിരലനക്കാത്ത ഇക്കൂട്ടര്‍ ഇപ്പോള്‍ ജയില്‍ ഭൂമി വിട്ടു കിട്ടാന്‍ കാണിക്കുന്ന ആവേശം തെരെഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ട് മാത്രമാണ്. ഇപ്പോള്‍ യുഡിഎഫും ഇടതു ദേവസ്വം ഭരണസമിതിയും കാണിക്കുന്ന ക്ഷേത്ര സ്‌നേഹം ഭക്തജനങ്ങള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a comment

Top