പ്ലസ് വൺ പ്രവേശനം : ജില്ലയിൽ 168 ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കി

ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡെസ്‌കുകളുമായി തൃശൂർ ജില്ല. ജില്ലയിലെ 168 ഹയർസെക്കന്ററി സ്‌കൂളുകളിൽ നാഷണൽ സർവീസ് സ്‌കീമിന്‍റെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കുന്നത്. കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെന്ററുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഫോക്കസ് പോയിന്റുകളുമായി ചേർന്നാണിത്. വിദ്യാർത്ഥിയോ രക്ഷിതാവോ ആവശ്യപ്പെടുന്ന സ്‌കൂളുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഓപ്ഷൻ നൽകി അപേക്ഷകൾ സൗജന്യമായി ഹെൽപ്പ് ഡെസ്‌ക് കേന്ദ്രങ്ങളിൽ നിന്നോ വീട്ടിലിരുന്നോ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി/ വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ലളിതമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഹെൽപ് ഡെസ്‌കുകൾ ഒരുങ്ങുന്നത്.

ഇത് പ്രകാരം വിദ്യാർഥികൾ ഓൺലൈനായി ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം നൽകേണ്ടതില്ല, പകരം പ്രവേശനം ലഭിച്ചാൽ സ്‌കൂൾ തുറക്കുമ്പോൾ മാത്രം ഫീസ് അടച്ചാൽ മതി. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സ്‌കൂളുകളിൽ സമർപ്പിക്കുന്ന രീതിയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാൻ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടർ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല. എൻ.എസ്.എസ്. യൂണിറ്റ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് പുറമേ വിദ്യാർത്ഥി പരീക്ഷ എഴുതിയ ഹൈസ്‌കൂളുകളിലും വീടിനടുത്തുള്ള എല്ലാ വിദ്യാലയങ്ങളിലും അപേക്ഷ നൽകാൻ സൗകര്യമുണ്ടാകും. വീട്ടിലിരുന്ന് അപേക്ഷകൾ ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ അവർ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററുമായി ബന്ധപ്പെട്ട് വീട്ടിനടുത്തുള്ള ഹെൽപ്പ് ഡെസ്‌ക് കേന്ദ്രങ്ങളിലേക്ക് പോകണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.

നാഷ്ണൽ സർവ്വീസ് സ്‌കീം തൃശൂർ ജില്ലക്കായി വികസിപ്പിച്ച NSSHELPDESK എന്ന ആപ്പ് വഴിയും ഈ വർഷം കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജില്ലയിലെ ഹെൽപ്പ് ഡസ്‌ക്കുകളുടെ ഫോൺ നമ്പർ, എച്ച് ഐ ടി സിമാരുടെ നമ്പർ എന്നിവയും ആപ്പിൽ ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഈ സേവനം കുട്ടികളും രക്ഷാകർത്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എറണാകുളം റീജണൽ ഡപ്യൂട്ടി ഡയറക്ടർ കെ.ശകുന്തള, എൻ എസ് എസ് ജില്ലാ കൺവീനർ എം.വി.പ്രതീഷ്, അക്കാദമിക് കോ-ഓർഡിനേറ്റർ വി എം കരീം, കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ കെ എസ് ഭരതരാജൻ എന്നിവർ അറിയിച്ചു.

Leave a comment

Top