എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം അനധികൃതമെന്ന് ഹൈക്കോടതി

ഇരിങ്ങാലക്കുട : കെ പി സി സി ജനറൽ സെക്രട്ടറി എം.പി ജാക്‌സന്‍ ചെയര്‍മാനായ എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് ഹൈക്കോടതി വിധിച്ചു. 2013-14 വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നികുതി അനധികൃത നിര്‍മ്മാണപട്ടികയില്‍ ഉള്‍പ്പെടുത്തി നഗരസഭ ചുമത്തിയത് ചോദ്യം ചെയ്തും ലൈസന്‍സ് പുതുക്കി നല്‍കാത്തതിനുമെതിരെ കണ്‍വെന്‍ഷന്‍ സെന്റര്‍ രണ്ട് റിട്ട് ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇവ ഒന്നിച്ച് തീര്‍പ്പാക്കുന്ന വിധി പ്രസ്താവനയിലാണ് കോടതി നിര്‍മ്മാണം അനധികൃതമാണെന്ന് വ്യക്തമാക്കിയത്. നേരത്തെ അടച്ചിടണമെന്ന് ഉത്തരവിട്ട അധിക ഹാളുകള്‍ അനുമതി ലഭിക്കും വരെ പ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടു. അനധികൃത നിര്‍മ്മാണം നിയമാനുസൃതമാക്കുന്നതിനു വേണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ നഗരസഭ മുമ്പാകെ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂള്‍സ് അനുസരിച്ച് പെര്‍മിറ്റ് നല്‍കാവുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളുടേയും നഗരസഭ ബില്‍ഡിങ്ങ് റൂള്‍സ് അനുസരിച്ച് വിശദമായ പ്ലാനടക്കമുള്ള പുതിയ അപേക്ഷ ഒരു മാസത്തിനകം നഗരസഭയ്ക്ക് നല്‍കണം. ഇതിനോടൊപ്പം സ്ഥലത്തിന്റെ ആധാരങ്ങളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. മുനിസിപ്പല്‍ നിയമം അനുസരിച്ച് എടുക്കേണ്ടതായ എല്ലാ ലൈസന്‍സുകളും അപേക്ഷകന്‍ എടുക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. മുനിസിപ്പല്‍ റൂള്‍സ് 1999 പ്രകാരമാണ് പ്ലാനുകള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറിയും എഞ്ചിനിയറും പരിശോധിച്ച് ഉറപ്പുവരുത്തി വേണം ചിഫ് ടൗണ്‍ പ്ലാനര്‍ക്ക് നല്‍കാന്‍. ചിഫ് ടൗണ്‍ പ്ലാനറുടെ അനുമതി ലഭിക്കുന്ന പക്ഷം വീണ്ടും മുനിസിപ്പല്‍ സെക്രട്ടറിയും എഞ്ചിനിയറും പുതുതായി നല്‍കിയ പ്ലാന്‍ പ്രകാരമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ സമയം എടുക്കുന്നതിനാല്‍ നേരത്തെ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയ 5071 മീറ്റര്‍ സ്‌ക്വയര്‍ സ്ഥലത്തുമാത്രം കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തണം. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതുവരെ അടച്ചിട്ടുള്ള 87.50 ലക്ഷം രൂപയ്ക്ക് പുറമെ 2017 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പലിശയും പിഴയും സഹിതം ഒരുമാസത്തിനകം അടച്ച് തീര്‍ക്കണം. വിധിയുടെ പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂള്‍സ് അനുസരിച്ച് പുതിയ അപേക്ഷ നല്‍കുന്നതിന്റേയും കുടിശ്ശിക തീര്‍ക്കുന്നതിന്റേയും അടിസ്ഥാനത്തിലായിരിക്കും കണ്‍വെന്‍ഷന്‍ സെന്റര്‍ ഭാഗീകമായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി. നാളിതുവരെയുള്ള കുടിശ്ശിക സംഖ്യ അടച്ചുകഴിഞ്ഞാല്‍ തന്നാണ്ടത്തെ നികുതി അനധികൃത നിര്‍മ്മാണ പട്ടികയിലെ താരിഫ് അനുസരിച്ച് പിരിക്കുവാന്‍ മുനിസിപ്പാലിറ്റിക്ക് ഡിമാന്റ് നോട്ടിസ് നല്‍കാം. ഈ നോട്ടിസ് തിയതി മുതല്‍ ഒരുമാസത്തിനകം അടയ്‌ക്കേണ്ടതാണ്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ കാലാകാലങ്ങളിലെ നികുതി ചിഫ് ടൗണ്‍ പ്ലാനറുടെ അനുമതി ലഭിക്കുംവരെ അനധികൃത നിര്‍മ്മാണ പട്ടികയിലെ താരിഫ് അനുസരിച്ച് പിരിക്കേണ്ടതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. യാതൊരു രേഖകളോ ഇല്ലാതെ നിലം നികത്തിയ സ്ഥലത്ത് നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് കേസില്‍ കക്ഷി ചേര്‍ന്ന ജോസഫ് മാര്‍ട്ടിന്‍ ആലേങ്ങാടന്‍, കെ.എം ഷൈജു കുറ്റിക്കാടന്‍ എന്നിവരുടെ വാദം കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

related news : എം. സി. പി. കണ്‍വെന്‍ഷന്‍ സെന്റര്‍ : അനധികൃത നിര്‍മാണം നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ – വിജിലന്‍സിനെ സമീപിക്കുമെന്ന് അഡ്വ. ആൻ്റണി തെക്കേക്കര

Leave a comment

Leave a Reply

Top