ആയുർ ഷീൽഡ് -ഇമ്മ്യൂണിറ്റി ക്ലിനിക്ക് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലയിലെ ആയുർഷീൽഡ്‌ ഇമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ ജില്ലാ തല ഉദ്‌ഘാടനം ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ. കെ യു അരുണൻ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണന്‌ പദ്ധതിയുടെ പോസ്റ്റർ കൈമാറി. എ എം എ ഐ ജില്ലാ പ്രസിഡന്റും, എ എച്ച്‌ എം എ ജില്ലാ വൈസ് പ്രസിഡന്റുമായ ഡോ. രവി മൂസ്‌, എ എം എ ഐ സംസ്ഥാന കമ്മിറ്റി അംഗവും, എ എച്ച്‌ എം എ ജില്ലാ ട്രഷററുമായ ഡോ. സജു കെ ബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവ്വഹിച്ച പദ്ധതി, സ്വകാര്യ ഡോക്ടർമാരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി എ.എം.എ.ഐ യും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി യുടെ പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്ന എ.എം.എം.ഒ ഐ, എ.എച്ച്.എം.ഏ എന്നീ സംഘടനകളും ചേർന്നാണ് ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്ക് പദ്ധതി നടപ്പിലാക്കുന്നത്.


കേരളത്തിൽ വർഷംതോറും പകർച്ചവ്യാധികൾ തുടർക്കഥയാവുകയാണ്. അതിനു പുറമേയാണ് ഇപ്പോൾ കോവിഡ് 19 മഹാമാരി പടർന്നുപിടിക്കുന്നത്. ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യയും ചികിത്സകളും ഉപയോഗപ്പെടുത്തി നമ്മുടെ രോഗപ്രതിരോധശേഷി സംരക്ഷിച്ചു നിർത്തുക എന്നതാണ് പകർച്ചവ്യാധികൾ നേരിടുന്നതിനുള്ള വഴി. കോവിഡ് 19ന്റെ കാര്യത്തിൽ രോഗപ്രതിരോധത്തിനായി ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഭാരതീയ ചികിത്സ വകുപ്പ് വഴി ആയുർരക്ഷ ക്ലിനിക്കുകളും അമൃതം പദ്ധതിയും നടപ്പിലാക്കിവരുന്നു. ഇത്തരം പദ്ധതികൾ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിലുമെത്തിച്ച് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ആയുർവേദ ചികിത്സാരംഗത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലനിക്കുകൾ. നിലവിലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ (ഏജൻസി, ക്ലിനിക്കുകൾ, ആശുപത്രികൾ) നിശ്ചിത ദിവസങ്ങളിൽ ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നു. ഇവിടെ ഏകീകൃത രീതിയിലുള്ള ചികിത്സയ, കേസ് ഷീറ്റ്, ലോഗോ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്തൊട്ടാകെ ഒറ്റ ബ്രാൻഡ് ആയാണ് ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുക. ചികിത്സാ സംബന്ധമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സയൻറിഫിക് കമ്മിറ്റി, പദ്ധതിയുടെ കുറ്റമറ്റ നടത്തിപ്പിനായി ഇതിൽ സഹകരിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി എന്നിവ ഉണ്ടായിരിക്കും.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് കാതലായ മാറ്റം വരുത്തുവാൻ ഉതകുന്ന ഈ പദ്ധതി വഴി ആയുർവേദത്തിന്റെ വിശാലമായ സാധ്യതകൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിക്കുവാൻ കഴിയും. ഡോക്ടർമാരുടെ സേവനം ലഭ്യമായിട്ടുള്ള നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുകൾ ആരംഭിക്കേണ്ടതാണ്. ഈ പദ്ധതിയിൽ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

Leave a comment

Top