തെറ്റിദ്ധാരണകൾ പരത്തി സമുദായ ഐക്യം തകർക്കാമെന്ന് ആരും മോഹിക്കേണ്ടതില്ല – വെള്ളാപ്പള്ളി നടേശൻ

ഇരിങ്ങാലക്കുട : തെറ്റിധാരണകൾ പരത്തിയും കുപ്രചരണങ്ങൾ നടത്തിയും കള്ളക്കേസുകൾ ചമച്ച് കോടതി വ്യവഹാരങ്ങളിൽ കുടുക്കിയും എസ്.എൻ.ഡി.പി യോഗത്തിനെതിരെയും തനിക്കെതിരെയും നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴായി പോകുകയാണെന്നും ഗുരുദേവനും, കണിച്ചുകുളങ്ങര അമ്മയും സത്യം പുലരാൻ എനിക്ക് കവചങ്ങളായി നിൽക്കുന്നുണ്ടെന്നും ഇന്നത്തെ ഹൈക്കോടതി വിധിപോലും അതിന്‍റെ തെളിവെന്നും, യൂണിയൻ, ശാഖാ ഭാരവാഹികളും യോഗം പ്രവർത്തകരുമാണ് എന്‍റെ ശക്തി എന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശ്ശൂർ ജില്ലാ യൂണിയൻ ഭാരവാഹികളുടെ ഇരിങ്ങാലക്കുടയിൽ ചേർന്ന യോഗം വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണങ്ങൾ പരത്തി സമുദായ ഐക്യം തകർക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നും ചെയ്യാത്തവരാണ് യോഗം നേതൃത്വത്തിനെതിരെ തിരിയുന്നത് എന്നും എസ്.എൻ.ഡി.പി യോഗം വൈസ്.പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷ പ്രസംഗത്തിലൂടെ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കത്ത് വെച്ച് കൊണ്ട് പുകമറ സൃഷ്ടിയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്നവർ സാമ്പത്തിക ക്രമക്കേടുകളിലും മറ്റും യോഗത്തിൽ നിന്നും, യൂണിയനുകളിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥാനമോഹികളായ യോഗവിരുദ്ധ പ്രവർത്തകരെ ഒറ്റപ്പെടുത്തുന്നതിനും, സമുദായത്തെയും,സംഘടനയെയും അതിന്റെ നേതാവിനെയും അപകീർത്തിപ്പെടുത്തുവാൻ ആയുധമയക്കുന്ന സമുദായ വിരുദ്ധ പ്രവർത്തകരെ സമുദായംഗങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റകെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്യുകയും, ആയതിനെ സംബന്ധിച്ച് പ്രസ്തുത യോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിന് പ്രസ്തുത യോഗം പൂർണ്ണ വിശ്വാസവും,പൂർണ്ണ പിന്തുണയും രേഖപ്പെടുത്തി.

മുകുന്ദപുരം യൂണിയൻ പ്രസിഡന്റ്‌ സന്തോഷ്‌ ചെറാകുളം ഭദ്രദീപം തെളിയിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ സ്വാഗതം പറഞ്ഞു.എം.ബി.ശ്രീകുമാർ സംഘടനാ വിശദീകരണം നൽകി.യോഗം കൗൺസിലർ ബേബിറാം,യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ,വനിതാ സംഘംകേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ പച്ചയിൽ സന്ദീപ്,സെക്രട്ടറി രാജേഷ് നെടുമങ്ങാട്,സൈബർസേന കേന്ദ്ര സമിതി ചെയർമാൻ അനീഷ്‌ പുല്ലുവേലിൽ എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ യൂണിയൻ നേതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗത്തിൽ പങ്കെടുത്തു.

Leave a comment

Top