മാസ്ക്കും സാമൂഹിക നിയന്ത്രണവും ഞങ്ങൾക്ക് ബാധകമല്ല- ഈ ജാഗ്രതകുറവ് തുടർന്നാൽ ഇരിങ്ങാലക്കുടയും കനത്ത വില നൽകേണ്ടി വരുമോ ?

സമൂഹവ്യാപനം യാഥാർഥ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കാറ്റിൽപറത്തിയുള്ള ഇരിങ്ങാലക്കുടയിലെ ആരാധനാലയങ്ങളിലെ ആഘോഷങ്ങളും, ബാങ്കിംഗ്-വ്യാപാര മേഖലകളിലെ സാമൂഹിക നിയന്ത്രണത്തിലെ ജാഗ്രതകുറവിനും ഇരിങ്ങാലക്കുട കനത്തവില നൽകേണ്ടി വരുമോ ? പുറംനാട്ടിൽനിന്നും ഈ കാലഘട്ടത്തിൽ വരുന്നവർ ഏറെയുള്ള പട്ടണത്തിൽ രോഗം വ്യാപിക്കാതിരിക്കാൻ സാമൂഹിക നിയന്ത്രണം അവശ്യംവണ്ട സമയത്ത് ജാഗ്രതക്കുറവിന്‍റെ കാഴ്ചകളാണ് അധികവും, ഒപ്പം ചിലരുടെ ധാർഷ്ട്യവും.
 
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ നടന്ന ഒരു പരിപാടിയിൽ അനുവദിച്ചതിൽ ഏറെ ആളുകൾ പങ്കെടുത്തതും, അതിൽ പലരും മാസ്ക് ധരിക്കാതിരുന്നതും  വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രചരണ പരിപാടികളിൽ മുൻനിരയൽ നിൽക്കുന്നവരാണ് ഇവിടെ മാസ്ക് ധരിക്കാതിരുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. ആരോഗ്യരംഗത്ത് ഏറെ മുന്നിലാണ് നാം എന്ന ഒരു ധാരണയാണ് ഇരിങ്ങാലക്കുടയിൽ ജാഗ്രത കുറവിന്‍റെ ഒരു പ്രധാന കാരണം. എന്നാൽ ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയിലെ ഡോക്ടർ തന്നെ സ്വയം ക്വാറന്റൈയിനിൽ പോയതിൽ നിന്നുതന്നെ എത്രമാത്രം ആപൽക്കരമാണ് സ്ഥിതി എന്ന് പലരും മനസ്സിലാക്കാൻ വൈകുന്നു. ആരോഗ്യ പ്രവർത്തകരും, നിയമപാലകരും സ്ഥിതികൾ പരമാവധി നിയന്ത്രിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത്തിൽ ജാഗ്രതക്കുറവ് ഇനിയും തുടർന്നാൽ ‘പഴയ / പുതിയ’ നഗരസഭ പരിധിയെന്ന നിർവ്വചനങ്ങൾ ഒന്നുമില്ലാതെ പട്ടണത്തിൽ മുഴുവൻ കനത്ത നിയന്ത്രണങ്ങൾക്കുള്ളിൽ കൊണ്ടു വരേണ്ടിവരും. പഴയതു പോലെ നിയന്ത്രണങ്ങളിൽ കച്ചവട – രാഷ്ട്രീയ – സാമുദായിക കൂട്ടുകെട്ട് താല്പര്യങ്ങൾക്ക് നിന്നുകൊടുക്കരുതെന്നാണ് സഞ്ചാരിയുടെ അഭ്യർത്ഥന.

പിൻ കുറിപ്പ് : ‘ബ്രേക്ക് ദി ചെയിൻ അല്ല ലോക്ക് ദി ചെയിൻ ആയിരിക്കും നിങ്ങൾക്ക് ‘ – വിശ്വാസങ്ങൾക്കെതിരെ എഴുത്ത് തുടർന്നാൽ പിടിച്ചു അകത്തിടും എന്നൊരു ഉപദേശവും ആംഗലേയ ഭാഷയിൽ ഇതിനിടെ സഞ്ചാരിക്ക് ലഭിച്ചിട്ടുണ്ട്. എന്തായാലും സഞ്ചാരിയുടെ നിലപാട് വ്യക്തമാണ് – സാമൂഹിക നിയന്ത്രണങ്ങളോടുകൂടിയ വിശ്വാസത്തോടൊപ്പമാണ് സഞ്ചാരിയും

Leave a comment

Top