നോര്‍ക്ക വെറും നോക്കുകുത്തി – അഡ്വ. ഷൈജോ ഹസ്സന്‍

ഇരിങ്ങാലക്കുട: പ്രവാസികളുടെ ക്ഷേമത്തിനായി രൂപീരിക്കപ്പെട്ട നോര്‍ക്ക വെറും നോക്കുകുത്തിയാണെന്നും പ്രവാസികള്‍ക്ക് യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ലെന്നും കേരള സര്‍ക്കാരിന്‍റെ പ്രവസാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച യുവജനപക്ഷം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷൈജോ ഹസ്സന്‍ പറഞ്ഞു. പ്രവാസികള്‍ അന്യദേശത്ത് അവരുടെ ജീവിതം ഹോമിച്ച് സ്വന്തം നാട് കെട്ടിപ്പെടുത്തവരാണ്. നിര്‍ഭാഗ്യവശാല്‍ കോവിഡ്-19 നെ തുടര്‍ന്ന് അനവധി പ്രസാസികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരേണ്ട അവസ്ഥയുണ്ടായി. മുന്നൂറിൽ പരം പ്രവസാസി മലയാളികള്‍ മരിക്കാന്‍ ഇടയായി. അവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവരെ അവസാനമായി ഒന്നു കാണുവാന്‍ പോലും സാധിക്കാതെ പോയി.

മരിച്ച പ്രവാസികളുടേയും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടേയും കുടുംബങ്ങളെ പട്ടിണിക്കിടാതെ അവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണെന്നും അവര്‍ക്കുവേണ്ടി ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും ഷൈജോ ഹസ്സന്‍ പറഞ്ഞു. പ്രവാസികള്‍ നാടിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കൈയ്യും മെയ്യും മറന്ന് സ്വന്തം സമ്പാദ്യങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ നാടിന് നല്‍കി കൈത്താങ്ങ് ആയവരാണ് പ്രവാസികൾ എന്ന കാര്യം സര്‍ക്കാര്‍ വിസ്മരിച്ചുകൂടെന്നും പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും പാലിക്കാതെ ഇപ്പോള്‍ അവരെ കോവിഡ് വാഹകരായി മുദ്രകുത്തുന്ന സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണെന്നും ഷൈജോ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

വി.കെ. ദേവാനന്ദ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമര യോഗത്തില്‍ അഡ്വ. സുബീഷ് പി.എസ്., ജോസ് കിഴക്കേപീടിക, സഹദേവന്‍ ഞാറ്റുവെട്ടി, പി. അരവിന്ദാക്ഷന്‍, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, പോളി മുരിയാട്, രാജന്‍ എഴുപുറത്ത്, ശരത്ത് പോത്താനി എന്നിവർ സംസാരിച്ചു.

Leave a comment

Top