ആറര പതിറ്റാണ്ടുകാലത്തെ അരങ്ങനുഭവങ്ങളെകുറിച്ച് എഴുപത്തിയഞ്ചാം ജന്മദിനത്തിന്‍റെ നിറവില്‍ കൂടിയാട്ടം കുലപതി വേണുജി

ഇരിങ്ങാലക്കുട : എഴുപത്തിയഞ്ചാം ജന്മദിനത്തിന്‍റെ നിറവില്‍ കൂടിയാട്ടം കുലപതി വേണുജി തന്‍റെ ആറര പതിറ്റാണ്ടുകാലത്തെ അരങ്ങനുഭവങ്ങളെകുറിച്ച് കോവിഡ് അടച്ചിടല്‍ കാലത്തിന്‍റെ
ഏകാന്തതയില്‍ പൂര്‍ത്തിയാക്കിയ “അരങ്ങിലും മുന്നിലും പിന്നിലും” എന്ന ഗ്രന്ഥത്തെ അധികരിച്ച് സൂം ആപ്പിലൂടെ ജൂലൈ 1 നു ബുധനാഴ്ച വൈകുന്നേരം ഏഴിന് സംസാരിക്കുന്നു. പതിനൊന്നാം വയസ്സില്‍ കീരിക്കാട്ട് ശങ്കരപ്പിള്ളയുടെ കീഴില്‍ കഥകളിക്കു കച്ചകെട്ടിയാണ് വേണുജി കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഗുരു ഗോപിനാഥിന്‍റെ കീഴില്‍ അഞ്ചു കൊല്ലം നൃത്തം അഭ്യസിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിഷ്യത്വം സ്വീകരി ച്ച് കൂടിയാട്ടം അഭ്യസിക്കുന്നത്.

കൂടിയാട്ടത്തില്‍ അറിയപ്പെടുന്ന കലാകാരനായി എന്നത് മാത്രമല്ല പുതിയൊരു തലമുറയെ വളര്‍ത്തിയെടുക്കുവാൻ തന്‍റെ ഗുരുനാഥന് സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. കാളിദാസന്‍റെ നാടകങ്ങള്‍ കൂടിയാട്ടത്തില്‍ ചിട്ടപ്പെടുത്തി ദേശീയ അന്തര്‍ദേശീയ വേദികളില്‍ അവതരിപ്പിച്ചതാണ് ഈ രംഗത്തെ വേണുജിയുടെ ഏറ്റവും മികച്ച സംഭാവന. വേണുജി സ്വന്തമായിട്ട് രൂപം നല്‍കിയ നൊട്ടേഷൻ സമ്പ്രദായത്തിന്റെ മാധ്യമത്തില്‍ കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം എന്നീ നൃത്യനാട്യ കലകളിലെ രണ്ടായിരത്തോളം കൈമുദ്രകള്‍ രേഖപ്പെടുത്തി ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയീട്ടുണ്ട്. പാവക്കഥകളി, തോല്‍പ്പാവക്കൂ ത്ത്, മുടിയേറ്റ് എന്നീ കലകളുടെ പുനരുജ്ജീവന ത്തിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

അറുപത്തിയഞ്ചാം വയസ്സില്‍ അരങ്ങില്‍ നിന്നും വിരമിച്ചശേഷം “നവരസസാധന” എന്ന അഭിനയ പരിശീലന പദ്ധതിക്ക് രൂപം നല്‍കുകയും അറുനൂറിലധികം നടീനടന്മാര്‍ ,നര്‍ത്തകര്‍ എന്നിവരെ പരിശീലിപ്പിക്കുകയും ചെയ്തു. സ്വീഡനിലെ വേള്‍ഡ് തിയേറ്റര്‍ പ്രൊജക്റ്റില്‍ മൂന്നുകൊല്ലം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമായിലും സിങ്ക പ്പൂരിലെ ഇന്‍റര്‍കള്‍ച്ചുറല്‍ തിയേറ്റര്‍ ഇൻസ്റ്റിറ്റ്യൂട്ടിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി വിസിറ്റിങ് ഫാക്കല്‍റ്റിയാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top