ജോലി ചെയ്യുന്ന വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കാൻ കിട്ടുന്നത് അധ്യാപകർക്ക് വിലമതിക്കാനാവാത്ത അനുഭവം – എ.ഇ.ഓ അബ്‌ദുൾ റസാഖ്

എടതിരിഞ്ഞി : ജോലി ചെയ്യുന്ന വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കാൻ കിട്ടുന്നത് അധ്യാപകർക്ക് വിലമതിക്കാനാവാത്ത അനുഭമാണെന്ന് എ.ഇ.ഓ അബ്‌ദുൾ റസാഖ്. മുൻവർഷങ്ങളിലെ ചുവട് പിടിച്ച് ഈ വർഷവും എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ അദ്ധാപകർ മക്കളെ സ്വന്തം വിദ്യാലയത്തിൽ ചേർത്തതിനെ അദ്ദേഹം അഭിനന്ദിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിലെ അദ്ധ്യാപിക ദിവ്യ ധില്ലനാണ് പൊതുവിദ്യാഭ്യാസത്തിന്‍റെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അൺഎയ്ഡഡ് വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന തന്‍റെ രണ്ടു മക്കളെ താൻ വർഷങ്ങളായി ജോലിചെയ്യുന്ന എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലേക്ക് മാറ്റി ചേർത്തത്. ഇതോടൊപ്പം തന്‍റെ  സഹോദരിയുടെ മക്കളെയും ഈ സ്കൂളിലേക്ക് മാറ്റി ചേർത്തു.

ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ, കഴിഞ്ഞ വർഷം വിരമിച്ച H M, പ്ലസ് ടുവിലെയും ഹൈസ്കൂളിലെയും, അധ്യാപകർ, അനധ്യാപകർ, എന്നിവരുടെയും മക്കൾ, നിലവിൽ 8 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്രം കഴിഞ്ഞ രണ്ടു വർഷമായി പഠിച്ചുവരുന്നുണ്ട്. ഇത് കൂടാതെ ഹൈസ്കൂളിലെ അധ്യാപകരുടെയും പ്ലസ് ടുവിലെ അനധ്യാപകരുടെയും 4 വിദ്യാര്‍ത്ഥികളും സ്കൂളിൽ പഠിക്കുന്നുണ്ട്. മുൻവർഷങ്ങളിലും ഇവിടത്തെ അധ്യാപകരുടെയും അനധ്യാപകരുടെയും മക്കളെ സ്വന്തം വിദ്യാലയത്തിൽ ചേർത്തിട്ടുണ്ട്.

ഇപ്പോൾ ചേർന്ന കുട്ടികളുടെ ടി.സികൾ സ്കൂൾ പ്രധാനാദ്ധ്യാപിക സ്മിത ടീച്ചർക്ക് എ.ഇ.ഓ അബ്‌ദുൾ റസാഖ് കൈമാറി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ എ സീമ, ശ്രീദേവി ടീച്ചർ, മറ്റു അധ്യാപകർ, ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

Top