പാര്‍ത്ഥസാരഥിയെ മോചിപ്പിക്കാന്‍ നിലയ്ക്കല്‍ മോഡല്‍ സമരത്തിന് തയ്യാറാകും- കെ.പി. ഹരിദാസ്

കിഴുത്താണി : ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മോചിപ്പിക്കുവാന്‍ നിലയ്ക്കല്‍ മോഡല്‍ സമരത്തിന് ഭക്തജനങ്ങള്‍ തയ്യാറാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന യാത്രക്ക് ഇരിങ്ങാലക്കുട കിഴുത്താണിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അടയിരിക്കുന്ന രാഷ്ട്രീയ വൈതാളികരെ പുറത്താക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ ഭാഗമായി നടക്കുന്ന നാമജപത്തെപോലും തടയുന്നു. ഹിന്ദുക്കള്‍ക്കെതിരെമാത്രം നടത്തുന്ന ഈ നടപടി മനുഷ്യവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദുക്കള്‍ക്കായുള്ള ശങ്കരന്‍കമ്മീഷന്‍ ഉള്‍പ്പടെ ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കിയിട്ടില്ല. മറ്റുള്ളവര്‍ കണ്ണുരുട്ടിയാല്‍ പള്ളിമേടകള്‍ കയറിയിറങ്ങി യാചിച്ചു നടക്കുന്നവര്‍ ഇല്ലാത്ത കോടതിവിധിയുടെ മറവില്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്ന ഹീനനടപടിക്കെതിരെ ഹൈന്ദവസമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സ്വാമി ആദിത്യചൈതന്യഗിരി ഉദ്ഘാടനം ചെയ്തു. പാര്‍ത്ഥസാരഥി വിമോചന സമിതി താലൂക്ക് പ്രസിഡണ്ട് എ.പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് അനില്‍കുമാര്‍ പുത്തന്‍പുര, ചെമ്മണ്ട സുബ്രഹ്മണ്യക്ഷേത്ര സംരക്ഷണസമിതി സെക്രട്ടറി കൃപേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു. യാത്രാനായകന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

Leave a comment

Leave a Reply

Top