ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സർക്കാരിന്‍റെ വീഴ്ച്ച മൂലം – റിട്ട. ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ

ഇരിങ്ങാലക്കുട : പ്രതിരോധ പ്രവർത്തനങ്ങളിൽ രാപകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് വ്യാപകമായി കോവിഡ് പിടികൂടുന്നത് സർക്കാരിന്‍റെ വീഴ്ചമൂലമെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസഥാന പ്രസിഡന്റ് ടി.എസ് പവിത്രൻ. ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാർക്കും എൻ-95 മാസ്കുകൾ വിതരണം ചെയ്യണമെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വം നൽകുന്ന സംഘടന ഒരു മാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തിൽ അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല എന്നു മാത്രമല്ല ഗുരുതരമായ വീഴ്‌ച്ചയും ഉണ്ടായി. നിരവധി ആരോഗ്യ പ്രവർത്തകർക്ക് , ഭൂരിഭാഗവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫീൽഡ് ജീവനക്കാർ ഉൾപ്പടെ ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചു. ഫീൽഡ് വിഭാഗം ജീവനക്കാർ അവർക്ക് സ്വന്തമായി വാങ്ങാൻ കഴിഞ്ഞ സാധാ മാസ്കുകളുമായാണ് ജോലിയിൽ വ്യാപൃതരായത്. സർക്കാർ യഥാസമയം N95 മാസ്കുകൾ നൽകുവാനോ മറ്റോ തയ്യാറായിരുന്നുവെങ്കിൽ ഭൂരിഭാഗം ജീവനക്കാർക്കും രോഗത്തെ ചെറുക്കാൻ കഴിയുമായിരുന്നു.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസഥാന പ്രസിഡന്റ് ടി.എസ് പവിത്രൻ , ജനറൽ സെക്രട്ടറി വി. പ്രഭാകരൻ, പി ജി കൃഷ്ണനുണ്ണി, കെ.ബി പ്രേമരാജൻ, ടി.ടി ചന്ദ്രിക, കെ. ആർ അനിൽ കുമാർ, ആൻസി തോമസ്, തട്ടത്തിൽ ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.

Leave a comment

Top