കല്യാണസൗഗന്ധികം ഉത്തരഭാഗം അവതരിപ്പിച്ചു: കൂടിയാട്ടമഹോത്സവം വെള്ളിയാഴ്ച സമാപിക്കും

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയിൽ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തിൽ സൂരജ് നമ്പ്യാർ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക്‌ ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പർവ്വതങ്ങൾക്ക് ഇടയ്ക്ക് കാറ്റിന്‍റെ ശക്തിയിൽ ആടിയുലയുമ്പോൾ വായു ഭഗവാനോട് ഇരുവരും വായുപുത്രന്മാരായ ഹനുമാനും ഭീമനും തമ്മിലുള്ള സമാഗമം ഭംഗിയാക്കാനാണ് പോകുന്നതെന്ന് പറഞ്ഞ് വായുവിനെ സമാധാനിപ്പിക്കുന്നത് അഭിനയിപ്പിച്ചു കാണിക്കുന്നതോടെയാണ് കൂടിയാട്ടം ആരംഭിച്ചത്. തുടർന്ന് ഭൂമിയെ കുടയായും പർവ്വതത്തെ വള്ളി കുടിലായും കണ്ട് കൈലാസത്തെ ദർശിച്ചും വൈശ്രവണ രാജധാനിയെ വർണ്ണിച്ചും സമീപത്ത് ഒരാന മേഘത്തെ കണ്ട് മറ്റൊരു ആനയായി തെറ്റിദ്ധരിക്കുന്നതും വിസ്തരിച്ച് അഭിനയിച്ചിരിക്കുന്നു. ശേഷം ഭീമൻ കദളീവനത്തിലേക്ക് പ്രവേശിക്കുന്നതും ഹനുമാനും ഭീമനും തമ്മിൽ കണ്ടതിന്നു ശേഷം മാത്രം മതി തങ്ങളുടെ ഇടപ്പെടൽ എന്ന് കല്യാണകൻ എന്നറിയപ്പെടുന്ന വിദ്യാധരനും ഗുണമഞ്ജരിയും തീരുമാനിക്കുന്നത് അഭിനയിക്കുന്നതോടെയാണ് കൂടിയാട്ടം അവസാനിച്ചത്.

അമ്മന്നൂർ മാധവനാട്യ ഭൂമിയിൽ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കല്യാണസൗഗന്ധികം കൂടിയാട്ടത്തിന്‍റെ സമാപനം ആരംഭിക്കും. ഭീമനായി അമ്മന്നൂർ രജനീഷും വിദ്യാധരനായി മാധവും ഹനുമാനായി പൊതിയിൽ രഞ്ജിത്ത് ചാക്യാരും ഗുണമഞ്ജരിയായി കീർത്തി ഹരിദാസും പാഞ്ചാലിയായി സരിത കൃഷ്ണകുമാറും വേഷമിടും.

Leave a comment

Leave a Reply

Top