ദേവസ്വം അടച്ച കൂടൽമാണിക്യം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണം – ബി.ജെ.പി

ഇരിങ്ങാലക്കുട : അതിഥി തൊഴിലാളികൾ ലോക്ക് ഡൌൺ നിയമങ്ങൾ ലംഘിച്ച് കൂടൽമാണിക്യം തെക്കേകുളം ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ സൂചിപ്പിച്ചതിനെ തുടർന്ന് ദേവസ്വം ഞായറാഴ്ച അടച്ച തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ നിരവധി ജനങ്ങൾ തലമുറകളായി ഉപയോഗിച്ച് പോരുന്ന കുളമാണിത്. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ലോക്ക് ഡൌൺ കാലത്ത് കുളം ഉപയോഗിക്കുന്ന കാര്യം ആദ്യം ബി.ജെ.പിയാണ് പോലിസിന്‍റെയും നഗരസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിനെ തുടർന്ന് ഏപ്രിൽ 15 മുതൽ പോലിസ് ഇടപെടുകയും അതിഥി തൊഴിലാളികളെ ക്വറന്റയിൻ നിയമം അനുസരിച്ച് നിയന്ത്രിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിന്‍റെ പേരിലാണ് ദേവസ്വം കുളം അടച്ചത്.

ഈ മേഖലയിൽ ആഴ്ചയിൽ ഒരു ദിവസം വരുന്ന പൈപ്പ് വെള്ളത്തെ ആശ്രയിച്ച് നിരവധി കുടുംബാംഗങ്ങൾക്ക് കുളിക്കുവാനോ വസ്ത്രങ്ങൾ കഴുകുവാനോ പറ്റില്ല. എട്ട് കടവുകളുള്ള തെക്കേ കുളത്തിൽ ഒരു കടവിൽ ഒരാൾ എന്ന തോതിൽ രാവിലെ 6 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 6 വരെയും ഉപാധികളോടെ നാട്ടുകാർക്ക് കുളിക്കുവാൻ സൗകര്യം ചെയ്ത് കൊടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ബി.ജെ.പി മുൻസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അധ്യക്ഷത വഹിച്ച യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.സി രമേശ്, വൈസ് പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ, സത്യദേവ്.ടി.ഡി സെക്രട്ടറിമാരായ അയ്യപ്പദാസ്. വി.കെ, രാഗേഷ്.പി.ആർഎന്നിവർ സംസാരിച്ചു.

Leave a comment

Top