ഹോം ക്വാറൻൈറൻ സമൂഹത്തിന് വേണ്ടിയാണ്

കോവിഡ് 19 വൈറസ് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരിലും രോഗിയുമായി സമ്പർക്കമുണ്ടായവരിലും രോഗബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ഹോം ക്വാറൻൈറൻ നിർബന്ധമാക്കിയിരിക്കുന്നത്. പ്രസ്തുത സാഹചര്യം അനുസരിച്ച് ഹോം ക്വാറൻൈറൻ 28 ദിവസമോ 14 ദിവസമോ ആയിരിക്കും. ഇത് എത്രവേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കും. ഏതായാലും ഇത്രയും കാലം അവർ വീടുകളിൽ തന്നെ കഴിച്ചുകൂട്ടി തങ്ങൾക്കും മറ്റുള്ളവർക്കും അണുബാധ ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കുക. തങ്ങൾ വീട്ടിലുള്ള വിവരം ആദ്യമേ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്.

വീടിനുള്ളിൽ കഴിയുമ്പോൾ പ്രത്യേക മുറിയും പ്രത്യേക ടോയ്ലെറ്റും ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലമെങ്കിലും പാലിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ പൊതുപരിപാടികൾ സംഘടിപ്പിക്കരുത്. പൊതുപരിപാടികളിൽ പങ്കെടുക്കുകയുമരുത്. സന്ദർശകരെ പൂർണമായി ഒഴിവാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ തുണിയോ മാസ്‌കോ ഉപയോഗിച്ച് മറയ്ക്കണം. കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് ഇടയ്ക്കിടക്ക് കഴുകണം. നല്ല വണ്ണം വെള്ളം കുടിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് തുടങ്ങിയ എന്തെങ്കിലും പ്രയാസം ഉണ്ടായാൽ കൺട്രോൾ റൂമിൽ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെടുക.

ഒരിക്കലും സ്വമേധയാ ആശുപത്രിയിൽ വരരുത്. കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് അവർ നിയോഗിക്കുന്ന വാഹനത്തിൽ മാത്രം ആശുപത്രിയിൽ എത്തുക. ഒരുതരത്തിലും ഭീതി വേണ്ട. നമുക്ക് വേണ്ടി, കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി, നാടിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ കരുതൽ.

കൺട്രോൾ റൂം നമ്പറുകൾ:

തൃശൂർ കളക്ടറേറ്റ്: 0487 236 2424, 9447074424, 1077.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം): 0487 2320466, 9961488206, 9447635407
തൃശൂർ ഗവ. മെഡിക്കൽ കോളജ്: 8547873420
ദിശ: 1056.

Leave a comment
Top