
ഇരിങ്ങാലക്കുട: തൃശൂരില്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 15 മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്ര മേളയ്ക്ക് ശനിയാഴ്ച തിരശ്ശീല ഉയരും. മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പത്ത് ഭാഷകളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. 7 ന് രാവിലെ 9. 30 ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ ഉദയപ്രകാശ് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 10 നും 12 നും മാസ് മൂവീസിലും വൈകീട്ട് 6.30 ന് ഓര്‍മ്മ ഹാളിലുമായിട്ടാണ് പ്രദര്‍ശനങ്ങള്‍.
ആഭ്യന്തരകലാപത്തിനാല് കലുഷിതമായ 1990 കളിലെ അള്‍ജീരിയയുടെ കഥ പറയുന്ന’പാപ്പിച്ച’യാണ് ഉദ്ഘാടനചിത്രം. സംവിധായകരായ ഡോ എസ് സുനില്‍, സജിന്‍ ബാബു, ശില്‍പ്പ കൃഷ്ണ, റഹ്മാന് ബ്രദേഴ്സ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും.7 ന് മാസ് മൂവീസില്‍ രാവിലെ 10ന് പാപ്പിച്ച, ഉച്ചയ്ക്ക് 12 ന് മലയാള ചിത്രമായ വെയില്‍മരങ്ങള്‍, വൈകീട്ട് 6.30 ന് ഓര്‍മ്മ ഹാളില്‍ മേഘാലയയില്‍ നിന്നുള്ള ‘ലെഡ്യൂ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ചിത്രം : പാപ്പിച്ച (ഫ്രഞ്ച് ) സമയം : 105 മിനിറ്റ്
07/03/20 ശനിയാഴ്ച രാവിലെ 10 മണിക്ക് മാസ് മൂവീസ് സ്ക്രീൻ 2
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ അള്‍ജീരിയ ആഭ്യന്തര കലാപത്തിനാല് കലുഷിതമാണ്. പത്തൊമ്പതു വയസ്സുള്ള നജ്മ എന്ന പെണ്‍കുട്ടി ഒരു ഫാഷന്‍ ഡിസൈനറാണ്. യുദ്ധം തന്റെ ജീവിതാനുഭവങ്ങളെ ബാധിക്കരുതെന്ന് അവള് ആഗ്രഹിക്കുന്നു. രാത്രികളില്‍ തന്റെ കൂട്ടുകാരിയായ വസീലയുമൊത്ത് അവള് പുറത്തുപോവുകയും ചെയ്യുന്നു. ആ യാഥാസ്ഥിതിക സമൂഹം കൂടുതല്‍ കൂടുതല്‍ നിരോധനങ്ങള്‍ അടിച്ചേല്പ്പിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി നജ്മ ഒരു ഫാഷന്‍ ഷോ നടത്തുവാന്‍ തീരുമാനിക്കുന്നു
ചിത്രം : വെയിൽ മരങ്ങൾ / ഡോ. ബിജു / മലയാളം സമയം : 108 മിനിറ്റ്
07/03/20 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാസ് മൂവീസ് സ്ക്രീൻ 2
കേരളത്തിലെ ദരിദ്രരായ ദളിത് കുടുംബത്തെ പ്രളയം തകര്‍ക്കുന്നു. അതിനെ അതിജീവിക്കാന്‍ ഹിമാചല്‍പ്രദേശിലെ ഒരു ആപ്പിള്തോട്ടത്തിന്റെ കാവല്‍ക്കാരായി അവര്‍ ജോലി ചെയ്യുകയാണ്. പ്രകൃതിയിലെ പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ത്വരയെ ഈ ചിത്രം ആവിഷ്ക്കരിക്കുന്നു. ജാതി സൃഷ്ടിക്കുന്ന സാമൂഹികമായ വിവേചനങ്ങള്‍ ഈ സിനിമയിലൂടെ തുറന്നുകാട്ടപ്പെടുന്നു.
ചിത്രം : ലെവദുഃ / പ്രദിപ് / ഖാസി സമയം : 94 മിനിറ്റ്
07/03/20 ശനിയാഴ്ച വൈകുനേരം 6:30 മണിക്ക് ഓർമ്മ ഹാൾ
വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ജീവിതത്തെയാണ് ചലച്ചിത്രം ആവിഷ്ക്കരിക്കുന്നത്. മാര്‍ക്കറ്റിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പുറത്തു സാധ്യമാകുന്ന ജീവിത ബന്ധങ്ങളെ ചിത്രം പിന്തുടരുന്നു. മാര്‍ക്കറ്റിലെ മനുഷ്യരുടെ ജൈവ ചലനങ്ങളെ പകര്‍ത്തുന്നതിലൂടെ സാധാരണക്കാരുടെ ജീവിതങ്ങളെ കണ്ടെടുക്കുന്ന ചിത്രം ഊഷ്മള ബന്ധങ്ങള്‍ യാന്ത്രിക യുക്തിക്ക് വഴങ്ങില്ലെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : https://www.facebook.com/internationalfilmfestivalirinjalakuda