തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഉത്സവഎഴുന്നള്ളിപ്പ് ഇനി കർശന നിയന്ത്രണങ്ങളോടെ മാത്രം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന നിയന്ത്രങ്ങളോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനം. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മാത്രമാണ് ആനയെ ഉത്സവത്തിനായി എഴുന്നള്ളിക്കാൻ കഴിയൂ. രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാൻ അനുമതിയുള്ളൂ. എന്നാൽ തൃശൂർ പൂരത്തിന് തീരുമാനം ബാധകമല്ലെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

രാമചന്ദ്രന്റെ വലത്തെ പിൻ കാലിലെ മുറിവും കൂടി പരിഗണിച്ചാണ് നടപടി. ആളുകൾക്കിടയിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധിയിലെ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ പറ്റൂ. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ് നടത്താൻ തീരുമാനം. ആനയുടെ എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. നാല് പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്തിയിരിക്കണം. ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച ഷെഡ്യൂൾ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ മുൻകൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നളളിപ്പിനിടയിൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. ആനയെ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുമ്പോൾ സ്വീകരണ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടില്ല. ആനയുടെ സുരക്ഷ മുൻനിർത്തി എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡി എഫ് ഒ, വെറ്റിനറി ഡോക്ടർ എന്നിവരേയും വിവരാമറിയിക്കണം. മേൽപറഞ്ഞ തീരുമാനങ്ങൾ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം കളക്ടർക്ക് മുൻപാകെ അഫിഡഫിറ്റ് നൽകണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top