അറിവ് നുകർന്ന് പഠനോത്സവം

എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ് സുധൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷനായി. അമച്വർ നാടകരംഗത്ത് 20 വർഷത്തെ അഭിനയ പാരമ്പര്യവും ചലച്ചിത്രരംഗത്തെ ശ്രദ്ധേയമായ അഭിനയ പാടവവുമുള്ള ഷാജു കെ.സി മുഖ്യാതിഥിയായി. ഹെഡ് മാസ്റ്റർ പി.ജി. സാജൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അറിവിനെ കൗതുകങ്ങളിലും വിനോദങ്ങളിലും ഒളിപ്പിച്ചു കുട്ടികൾ അറിവുത്സവത്തെ രസകരമാക്കി. കൈരളിയെ കനകച്ചിലങ്കയണിയിച്ച കാവ്യഗന്ധർവൻ ചങ്ങമ്പുഴയുടെ കാവ്യനർത്തകിയുടെ അവതരണത്തോടെ ആരംഭിച്ച പഠനോത്സവത്തിൽ ഗണിതരൂപങ്ങളെ തരംഗിണിയുടെ മാലയിൽ കോർത്ത ഗണിതം ഓട്ടൻതുള്ളൽ ശ്രദ്ധേയമായി.

പ്രകൃതിയുടെ മനോഹാരിത വർണിക്കുന്ന സംസ്‌കൃത കവിത, ഇംഗ്ലീഷ് സ്കിറ്റ്, സ്പോട് ഡബ്ബിങ്, പരീക്ഷണങ്ങളുടെ കൗതുകമുണർത്തി ശാസ്ത്രം, സാമൂഹിക വിപത്തായ മായം ചേർക്കലിനെതിരെ ബോധവത്ക്കരണം ഇവയെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്തി ശുചിത്വം, ലഹരിവിമുക്തം എന്നി ആശയങ്ങളടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികളായ സോന പോൾ സ്വാഗതവും ജാനകി നന്ദിയും പറഞ്ഞു.

Leave a comment

Top