എ.ഐ.വൈ.എഫ് നേതാവ് അന്‍സില്‍ വധം : പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അന്‍സിലിനെ (26) കൊലപ്പെടുത്തുകയും പുതുവീട്ടില്‍ ഹസൈന്‍ (26) എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ട മൂന്നു പ്രതികള്‍ക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 1-ാം പ്രതി ചെമ്മാപ്പിള്ളി കോളനി കൊടപ്പുള്ളി അരുണ്‍ എന്ന സ്പൈഡര്‍ അനു (29) , 2-ാം പ്രതി വട്ടപ്പരുത്തി തോട്ടാരത്ത് നിഖില്‍ എന്ന അത്തു (29), 4-ാം പ്രതി കരയാമുട്ടം ജവാന്‍ കോര്‍ണര്‍ വേളയില്‍ പ്രണവ് എന്ന പെടലി (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മറ്റു വകുപ്പുകളില്‍ പ്രതികള്‍ക്ക് 4 വര്‍ഷം കഠിനതടവും ഇതോടൊപ്പം ചുമത്തിയിട്ടുണ്ട്. ഇതോടൊപ്പം 2 ലക്ഷം രൂപ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും പരിക്കേറ്റ വ്യക്തിക്കും നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

2014 നവംബര്‍ 18 ന് വൈകീട്ട് തൃപ്രയാര്‍ ഏകാദശി ഉത്സവം കണ്ടു മടങ്ങുകയായിരുന്ന അന്‍സിലിനെയും കൂട്ടുകാരന്‍ ഹസൈനെയും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ക്രിമിനല്‍ സംഘം തടഞ്ഞു നിര്‍ത്തി വടിവാളും, ഇരുമ്പുവടി, ഇരുമ്പു പൈപ്പ്, കരിമ്പ്, കൊന്നപ്പത്തല്‍ എന്നിവ കൊണ്ട് മാരകമായി  ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ ഒളരി മദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2014 നവംബർ 20ന് മരണപ്പെടുകയാണ് ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഹസൈന്‍ എന്നയാള്‍ക്കും പരിക്കേറ്റിരുന്നു. തീരദേശത്തെ സ്ഥിരം കുറ്റവാളികളും ക്രിമിനലുകളുമാണ് അന്‍സിലിനെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ലപാതകത്തിനാസ്പദമായ സംഭവത്തിനു മുമ്പായി തൃപ്രയാര്‍ പോളിടെക്നിക് ഹോസ്റ്റലില്‍ നടന്ന അക്രമസംഭവത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് അക്രമം അരങ്ങേറിയത്. ഏകാദശി വേളയില്‍ ഉണ്ടായ അക്രമവും കൊലപാതകവും ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ടതാണ്.

വലപ്പാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജി. ആന്‍റണി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജെ. പീറ്റര്‍, വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെന്നു കണ്ട് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, എബിന്‍ ഗോപുരന്‍, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top