
ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററും രാജൻ കൃഷ്ണൻ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ അന്തരിച്ച പ്രശസ്ത ചിത്രകാരൻ രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനി‘ൽ അദ്ദേഹം ചെയ്ത ഇൻസ്റ്റലെഷ്യനായ ഒറിന് മുന്നിൽ പുഷ്പ്പാർച്ചനയോടെ രാജനെ അനുസ്മരിക്കാനായി സുഹൃത്തുക്കളും സാംസ്കാരികപ്രവർത്തകരും ഒത്തു ചേർന്നു. കലചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നുള്ളത് രാജൻ കൃഷ്ണൻ എക്കാലവും ചെയ്തിരുന്ന ഒന്നാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

ഹരി കെ.ബി, കിട്ടൻ മാസ്റ്റർ, പ്രൊവിൻഡ്, മാർട്ടിൻ, റോസിലി ജഗദീഷ്, മനു കാസർഗോഡ്, ജഗദീഷ് ചന്ദ്രൻ, രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ എറണാകുളം മാനേജിങ് ട്രസ്റ്റി രേണു രാമനാഥ് എന്നിവർ സംസാരിച്ചു. വിനയകുമാർ ചെറുകഥയും ഐശ്വര്യ കെ.ജി പാട്ടും അവതരിപ്പിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി, കേരളചലച്ചിത്ര അക്കാദമി, വിശ്രുത ഫ്രഞ്ച് ചലച്ചിത്രകാരനായ അലൻ റെനെയുടെ ‘നൈറ്റ് ആന്റ് ഫോഗ്‘ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടോക്കീസ് പദ്ധതിയുടെ ഭാഗമായായിരുന്നു ഡോക്യുമെന്ററി പ്രദർശനം.

കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെയും ഫോട്ടോഗ്രഫിയുടെയും അനന്ത സാധ്യതകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ യുവ ചിത്രകാരന്മാരില് പലരും പകച്ചുനിന്നപ്പോള്‍ സാങ്കേതികത്തികവോടെ തന്റേതായ വഴി നിര്‍ണയിച്ചാണ് രാജന് മുന്നേറിയത്. ലോകമറിയുന്ന ചിത്രകാരനായിരിക്കുമ്പോഴും കേരളീയ പ്രകൃതിയും പശ്ചാത്തലങ്ങളും എന്നും വരികളില്‍ നിറയ്ക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ജീവിച്ചുകൊണ്ടുതന്നെ ലോകത്തെ പ്രധാന ഗ്യാലറികളിലും മ്യൂസിയത്തിലും പ്രദര്‍ശിപ്പിക്കാവുന്ന സൃഷ്ടികള്‍ തീര്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം രാജനുണ്ടായിരുന്നു. കാലത്തിന്റെ വരള്‍ച്ചയും അലച്ചിലും തീര്‍ത്ത വിള്ളലുകളുടെ ചിത്രഭാഷയാണ് അവയുടെ ദൃശ്യാനുഭവം.