വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കൈപ്പമംഗലം അരവീട്ടില്‍ രാജേഷ് എന്ന രാജുവിനെ (44) യാണ് കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ 5 വര്‍ഷം കഠിന തടവിനും 50,000/ രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. 2016 ജൂൺ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ താമസിച്ചു വരുന്ന വീട്ടില്‍ രാവിലെ 8.20 ന് ഇറയം അടിക്കുന്നതിനായി വാതില്‍ തുറന്ന സമയം പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലമായി വലിച്ച് മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മാനഹാനി വരുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപണം.

മതിലകം പോലീസ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.ആര്‍ മണിലാല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ.എക്സ്. സില്‍വസ്റ്റര്‍, കെ.എസ്. സുശാന്ത്, ഡിവൈ.എസ്.പി ആര്‍.ജയചന്ദ്രന്‍ പിള്ള എന്നിവര്‍ തുടരന്വേഷണം നടത്തിയിട്ടുള്ളതാണ്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് തൃശ്ശൂര്‍ റൂറല്‍ ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബി കെ.എഫ് ആണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, അല്‍ജോ. പി. ആന്‍റണി, വി.എസ്. ദിനല്‍ എന്നിവര്‍ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top