സഞ്ചാരികളുടെ വഴികാട്ടിയായ ഗൂഗിൾ മാപ്പിന് 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ

ഏതൊരു സഞ്ചാരിയുടെയും യാത്രാപഥങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിമാറിയ ഗൂഗിൾ മാപ്പിന് ഇപ്പോൾ 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ, കൂടാതെ സൗകര്യങ്ങളും. കഴിഞ്ഞ ദിവസം മുതൽ ഈ അപ്ഡേറ്റ് നിലവിൽ വന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് പലരെയും ‘കുഴിയിൽ’ ചാടിച്ചിട്ടുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ, നാം ഏവരും ഇപ്പോഴും വഴികാട്ടിയായി വിശ്വസിച്ചു ആശ്രയിക്കുന്നത് ഇവനെ തന്നെ. സ്മാർട്ട് ഫോണുകളുടെ വരവും, വേഗതയേറിയ ഇന്റർനെറ്റും ലഭ്യമായതോടെ കേവലം ഒരു വഴികാട്ടിയെന്നതിലുപരി, മറ്റു സേവനനങ്ങൾക്കും യാത്രകളിൽ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്ന പ്രവണത ഇപ്പോൾ കൂടിയിട്ടുണ്ട്. പരിചിതമായ വഴികളിലും. പോകാനുദ്ദേശിക്കുന്ന പുതിയ വഴികളിലും ട്രാഫിക് ബ്ലോക്ക് ഉണ്ടോ എന്നറിയാനാണ് ഇപ്പോൾ പലരും ഇവന്‍റെ സേവനം തേടുന്നത്. പരിചിതമല്ലാത്ത വഴികളിൽ പെട്രോൾ പമ്പ്, ബാങ്ക് എ.ടി.എം, ഭക്ഷണശാലകൾ. ആശുപതികൾ. പോലീസ് സ്റ്റേഷനുകൾ , ടോൾ പ്ലാസകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെ കുറിച്ചറിയാനും പലരും ഈ സേവനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പ്രയോജനകരമായത് ഓഫ്‌ലൈൻ മാപ്പാണ് . മൊബൈൽ കവറേജിന്‌ പുറത്ത് വിദൂര പ്രദേശങ്ങളിൽ യാത്രചെയ്യുമ്പോൾ മുൻകൂട്ടി ആ പ്രദേശങ്ങളുടെ മാപ് ഡൌൺലോഡ് ചെയ്ത ഉപയോഗിക്കാൻ എന്നുള്ളതാണ് ഇതിന്‍റെ സൗകര്യം.

ലൈവ് ലൊക്കേഷൻ സൗകര്യങ്ങളും ഇപ്പോൾ പലരും ആശയിക്കുന്നുണ്ട്. നമ്മൾ സഞ്ചരിക്കുന്ന യാത്രാപഥം തത്സമയം വേണ്ടപ്പെട്ടവർക്ക് ലഭ്യമാക്കുന്ന ഈ സൗകര്യം ഒരു സുരക്ഷാകവചം കൂടിയാണ്. ഗൂഗിൾ മാപ്പിൽ ഇപ്പോൾ മെട്രോ റെയിൽ സമയ വിവരങ്ങളും , പ്രധാന ജലപാതകളും ലഭ്യമാണ്. ഇപ്പോൾ ഇറങ്ങുന്ന പുതുതലമുറ വാഹനങ്ങളിൽ എല്ലാം തന്നെ ഗൂഗിൾ മാപ്പിനെ അടിസ്ഥാനപ്പെടുത്തിയ നാവിഗേഷൻ സംവിധാനങ്ങൾ ഉണ്ട്.

യാത്രകൾക്ക് മാത്രമല്ല , ഗൂഗിൾ മാപ്പിനെ അടിസ്ഥാന പ്ലാറ്റ്ഫോമാക്കി ഇപ്പോൾ പല പുതിയ ബിസിനസ് സംരംഭങ്ങളും നിലവിൽ വന്നിട്ടുണ്ട്. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സോമറ്റോ, ഓൺലൈൻ ടാക്സി സേവനങ്ങളായ യൂബർ, എന്തിനധികം പറയുന്നു ഫ്ളിപ്കാർട്ട്, ആമസോൺ എന്നി വരുടെ ഡെലിവറികൾ പോലും ഈ സേവനം ഉപയോഗിച്ചാണ് നടന്നു വരുന്നത്. ജീവിതത്തിനെ സകലമേഖലകളിലും ഒരു സഹായിയായി എത്തിച്ചേർന്ന ഗൂഗിൾ മാപ്പിൽനിന്നും കൂടുതൽ സൗകര്യങ്ങൾ വരും കാലങ്ങളിൽ നമ്മുക്ക് പ്രതീക്ഷിക്കാം.

Leave a comment
Top