ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന അവാര്‍ഡ് പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജ് വിദ്യാര്‍ത്ഥിനി ദയ സുതന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരത്തിന് പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജിലെ മനശ്ശാസ്ത്രവിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ദയ സുതനെ തെരഞ്ഞെടുത്തു. ജനുവരി 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ക്രൈസ്റ്റ് കോളേജ് പുതിയ സെമിനാര്‍ ഹാളില്‍ കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാൻസിലർ ഡോ. ധര്‍മ്മരാജ് അടാട്ട്
പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, അവാര്‍ഡ്
കമ്മിറ്റി കണ്‍വീനര്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാല ബെസ്റ്റ് എന്‍.എസ്.എസ്സ് വോളണ്ടിയര്‍, താജിക്കിസ്ഥാനില്‍ നടന്ന ലോക യുവജന സംഗമത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിലെ അംഗം തുടങ്ങിയ നിലകളിലുള്ള ദയ സുതന്‍റെ പ്രവര്‍ത്തനങ്ങള്‍ മികവുകളായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. പഠനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സാമൂഹിക പ്രതിബദ്ധത എന്നിവ കണക്കിലെടുത്ത് പതിമൂന്നു വര്‍ഷമായി ക്രൈസ്റ്റ് കോളേജ് അവാര്‍ഡ് നല്‍കി വരുന്നുണ്ട്. 5001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍, മാനേജര്‍, പത്രപ്രവര്‍ത്തകന്‍, ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണി വളര്‍ത്തുന്ന സ്നേഹഭവന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ച ഫാ.ജോസ് ചുങ്കന്‍റെ പേരിലാണ് അവാര്‍ഡ് നല്‍കുന്നത്.

Leave a comment

Top