റിപ്പബ്ലിക് ദിനത്തിൽ എൻ.സി.സിയുടെ കാക്കിക്കരുത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇത്തവണ സെന്‍റ്  ജോസഫ്സിൽ നിന്ന് കേഡറ്റുകൾ

ഇരിങ്ങാലക്കുട : രാജ്യതലസ്ഥാനത്ത് ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇത്തവണ ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്‌സ് എൻ.സി.സി യൂണിറ്റിൽ നിന്നും രണ്ടു കേഡറ്റുകളും ഒരു മുൻ കേഡറ്റും ത്രിവർണ്ണ പതാകയെ നേരിട്ടു സല്യൂട്ട് ചെയ്യും. ഇരട്ടി മധുരമെന്നോണം കേരളത്തെ നയിക്കുന്ന 7 കേരള ബറ്റാലിയനിലെ ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ ബവിത ഇവിടത്തെ മുൻ കേഡറ്റുമാണ്. കലാലയത്തിലെ തന്നെ സീനിയർ അണ്ടർ ഓഫീസർ ഏയ്ഞ്ചൽ റീറ്റ, സർജന്റ് രമ്യദാസ് എന്നിവർ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റ് എൻ.സി.സി ക്കു വേണ്ടി തൃശൂർ ഏഴാം കേരള ബറ്റാലിയനെ പ്രതിനിധീകരിക്കുമ്പോൾ, ആവേശത്തിമർപ്പിലാണ് കലാലയവും കൂട്ടുകാരും. ഇരുവരും നാളെ രാജ്പഥിൽ മാർച്ച് ചെയ്യുന്നതു കാണാൻ ഇവർ കോളേജിൽ വേദിയൊരുക്കിക്കഴിഞ്ഞു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും. എൻ.സി.സി യിലെ മൂന്നു വർഷത്തെ പരിശീലനങ്ങൾക്കു ശേഷം ഡിസംബർ 27 നാണിവർ അവസാനഘട്ട ക്യാമ്പിലേക്കായി ദൽഹിയിലേക്കു തിരിച്ചത്. ദൽഹിയിലെ കൊടും തണുപ്പിൽ തോക്കേന്തി നിൽക്കുമ്പോൾ ഇന്ത്യൻ ആർമിയുടെ വീര്യമാണുള്ളിലെന്ന് ഇരുവരും അഭിമാനപൂർവ്വം സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ 7 കേരള ഗേൾസ് ബറ്റാലിയന്റെ കീഴിലാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിലെ എൻ.സി.സി യൂണിറ്റ്. കേണൽ ജോസഫ് ആന്റണി നയിക്കുന്ന ഈ ബറ്റാലിയനിൽ നിന്നും ഡീറ്റെയിൽ ചെയ്യപ്പെട്ട ജി.സി.ഐ ബവിത 2008 ലാണ് സെന്റ് ജോസഫ്സിൽ നിന്നു പഠിച്ചിറങ്ങിയത്. 26 ന് രാവിലെ രാജ്യം ഒറ്റക്കെട്ടായി മൂവർണ്ണ പതാകയ്ക്കു കീഴിൽ അണിനിരക്കുമ്പോൾ അതിൽ കലാലയത്തിനു പ്രാതിനിധ്യമുണ്ടാവുന്നതിൽ ആവേശവും അഭിമാനവുമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top