നിക്ഷേപ തട്ടിപ്പ് നടത്തിയ ടി.എൻ.ടി ചിറ്റ്‌സ് കമ്പനിയുടെ സഹോദരങ്ങളായ ഉടമകൾ അറസ്റ്റിൽ

കല്ലേറ്റുംകര : ടി എൻ ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകർക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകളും സഹോദരങ്ങളുമായ നോർത്ത് പറവൂർ കുറുപ്പശ്ശേരി ടെൽസൺ (43), നെൽസൺ (42) എന്നിവരെ ആളൂർ പോലീസ് പിടികൂടി. ആളൂർ മാള വഴി ജംഗ്ഷനിൽ, ടി എൻ ടി ചിറ്റ്‌സ് എന്ന സ്ഥാപനം നടത്തി 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തു 2019 ഫെബ്രുവരി മാസത്തോടെ ചിട്ടിക്കമ്പനി പൂട്ടി മുങ്ങിയ പ്രതികളെയാണ് ആളൂര് എസ്ഐ കെ എസ് സുശാന്ത് സംഘവും അറസ്റ്റ് ചെയ്തത്.

ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് ആളൂർ പോലീസ് സ്റ്റേഷനിൽ പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ സൈമൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടെസ്സി, വിനു ജോബി പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a comment

Top