ഇരിങ്ങാലക്കുട : കൂടിയാട്ടം ചുട്ടിയിൽ അരിച്ചുട്ടി മാറിയതിനുശേഷം പേപ്പർ ചുട്ടി വന്നീട്ട് അൻപത് വർഷത്തിലധികമായെങ്കിലും ചില കൂടിയാട്ടത്തിലെ കഥാപാത്രങ്ങൾക്ക് ഇപ്പോളും തന്റെതായ ശൈലിയിൽ അരിച്ചുട്ടി കുത്തി ചമയ വിസ്മയമൊരുക്കുകയാണ് അമ്മന്നൂർ ഗുരുകുലത്തിലെ ചുട്ടി കലാകാരൻ കലാനിലയം ഹരിദാസ്. അമ്മന്നൂർ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഊരുഭംഗം കൂടിയാട്ടത്തിലെ ദുര്യോധനന്റെ വേഷത്തിന് ദൃശ്യ മിഴിവേകി അരിച്ചുട്ടി കുത്തിയത് ഹരിദാസാണ്.
അരിച്ചുട്ടി കളിക്കിടയിൽ പൊട്ടിപ്പോകാനും അടരാനും സാധ്യതയുണ്ടെകിലും കഥാ സന്ദർഭത്തിനു ഇത് അനുയോജ്യമാകും എന്നാണ് ഹരിദാസ് പറയുന്നത്. ഊരുഭംഗം കൂടിയാട്ടത്തിലെ ദുര്യോധനനെ വ്യത്യസ്തനാക്കുന്നതിനും തനിമ നിലനിർത്തുന്നതിനും വേണ്ടിയാണ് അൻപത് വർഷത്തിനുശേഷം ഇത്തരം വേഷങ്ങൾക്ക് അരിച്ചുട്ടി കൂത്തിയതെന്ന് ഹരിദാസ് പറഞ്ഞു. പേപ്പർ ചുട്ടി ഒരുക്കാൻ ഒരുമണിക്കൂർ മതിയെങ്കിൽ അരിച്ചുട്ടി കുത്താൻ ഇരട്ടി സമയം വേണ്ടിവരും. ദുര്യോധനനായി സൂരജ് നമ്പ്യാരാണ് വേഷമിട്ടത്. അരിച്ചുട്ടി കൂടിയാട്ടത്തിന്റെ ശൈലിക്കനുയോജ്യമായാ ഒതുക്കവും മനോഹാരിതയുമുണ്ടെന്ന് കൂടിയാട്ട ആസ്വാദകർ വിലയിരുത്തുന്നുണ്ട്.
ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലാന്റ് എന്നി വിദേശ വേദികളിൽ ഊരുഭംഗംകൂടിയാട്ടം അവതരിപ്പിച്ചപ്പോളും അരിച്ചുട്ടിയിലെ ഹരിദാസിന്റെ വിരൽ തുമ്പിലെ ചമയ വൈഭവം അരങ്ങിൽ തെളിഞ്ഞിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് പെൻസിൽ ഡ്രോയിങ്ങിലും കളർമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ ഹരിദാസ് കലയോടുള്ള അമിത താല്പര്യം മൂലം ചുട്ടിപഠിക്കുവാനായി 1994 ൽ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ കലാനിലയത്തിൽ ചേർന്നത്. ചുട്ടി അദ്ധ്യാപകനായ കലാനിലയം പരമേശ്വരന്റെ കീഴിൽ മൂന്നുകൊല്ലത്തെപഠനത്തിനുശേഷം കഥകളി കോപ്പ് പണിക്ക് സഹായിയായി. തുടർന്ന് ശില്പി ഗുരുവായൂർ ജനാർദ്ദനന്റെ കീഴിൽ കൃഷ്ണനാട്ടത്തിന്റെ കോപ്പ് പണിയിലും സജീവമായി. തുടർന്ന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലും നടനകൈരളിയിലും കൂടിയാട്ടത്തിന്റെ ചുട്ടി സഹായിയായി. ഇന്ന് കൂടിയാട്ട വേദിയിലുള്ള ഒട്ടുമുഖ്യ കലാകാരന്മാരുടെയെല്ലാം മുഖത്തെഴുത്ത് ഹരിദാസ് നിർവ്വഹിച്ചീട്ടുണ്ട്.