ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവന നിർമ്മാണം പൂർത്തീകരിച്ചവരും നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷനായിരിക്കും. എം പി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ പ്രകാശ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ എന്നിവർ പങ്കെടുക്കും

ലൈഫ് ഗുണഭോക്താക്കൾക്ക് ജീവിത ഉപാധികൾ കണ്ടെത്തുന്നതിന് ആവശ്യമായ സർക്കാർ പദ്ധതികളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും അതാത് വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൂടാതെ ആധാർ കാർഡ് തിരുത്തൽ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ, വിവിധ പെൻഷൻ ആനുകൂല്യങ്ങൾ അപേക്ഷിക്കൽ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും. ലൈഫ് ഗുണഭോക്താക്കൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും അവസരം ഉണ്ടായിരിക്കും. കുടുംബ സംഗമത്തിൽ എത്തുന്നവർക്ക് സൗജന്യ വൈദ്യപരിശോധനയും സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ ഒരുക്കുന്ന ഈ അവസരം മുഴുവൻ ലൈഫ് ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിക്കുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top