മധുകശാപം നങ്ങ്യാർകൂത്ത് കൂടിയാട്ട മഹോത്സവത്തിൽ അരങ്ങേറി

ഇരിങ്ങാലക്കുട : വിശ്വോത്തര കലയെന്ന് ലോകം അംഗീകരിച്ച കൂടിയാട്ടം എന്ന സംസ്കൃത നാടകാഭിനയമായ കലാരൂപത്തിന് മികച്ച ആസ്വാദക വൃന്ദത്തെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന 33-മത് കൂടിയാട്ട മഹോത്സവത്തിൽ പ്രഥമ അവതരണമായി മധുകശാപം നങ്ങ്യാർകൂത്ത് ഭാഗീരഥി പ്രശാന്ത് അരങ്ങിൽ അവതരിപ്പിച്ചു.

കഥാസാരം – കംസൻ ഭാര്യമാരോടൊത്ത് സുഖമായിരിക്കുന്നു കാലത്ത് നായാട്ടിനായി പുറപ്പെടുന്നു, വനത്തിലെത്തി നായാട്ടിനുശേഷം നട്ടുച്ചയോടുകൂടി മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുകയും അവിടെ വിസ്തരിച്ചു കാണുകയും ചെയ്യുന്നു . അവിടെ പരസ്പരവിരുദ്ധങ്ങളായ പല കാഴ്ചകളായ പാമ്പ് കീരിയെ നക്കിയുറക്കുന്നു, ശലഭങ്ങൾ അഗ്നിയിൽ വീണ് ആപത്തുകൂടാതെ പറന്നുപോകുന്നു, സിംഹങ്ങളുടെ സട ആനകുട്ടികൾ വലിച്ചു കളിക്കുന്നു, മൺകുട്ടികൾ പുലികളുടെ മുലകുടിക്കുന്ന എന്നി അത്ഭുതക്കാഴ്ചകൾ കണ്ട് കംസൻ അമ്പരക്കുന്നു. അതിനിടെ അവിടെ മധൂക മഹർഷിയുടെ ഭക്ഷണവസ്തുവായ ഒരു പൂവ് കാണുകയും , ഉടൻ അത് അപഹരിച്ചു അവിടെനിന്നും തിരിച്ചു പോരുകയും , രാജധാനിയിലെത്തി തന്‍റെ സഹോദരിയായ ദേവകിക്ക് ആ പുഷ്പം സമ്മാനിക്കുകയും ചെയ്യുന്നു.

ഈ സമയം മധൂക മഹർഷി ഭക്ഷണത്തിനായി എത്തുകയും പൂവ് കാണാതെവന്നപ്പോൾ അനേഷിക്കുകയും, അത് കംസനാണ് അപഹരിച്ചതെന്നു മനസിലാക്കി കംസനെ ശപിക്കുകയും ചെയ്യുന്നു. കംസൻ ആർക്കാണോ ആ പൂവ് കൊടുത്തത്, അവളുടെ എട്ടാമത്തെ പുത്രൻ കംസനെ നിഗ്രഹികട്ടെ എന്നായിരുന്നു ആ ശാപം. ശാപം കേട്ട് കോപിഷ്ഠനായ കംസൻ ദേവകിയെ വകവരുത്തുവാനായി എത്തുകയും കാര്യങ്ങൾ അറിഞ്ഞ ദേവകിയുടെ ഭർത്താവ് വസുദേവർ കംസനോട് അപായപ്പെടുത്തരുതെന്ന് അപേക്ഷിക്കുകയും, തങ്ങൾക്കുണ്ടാകുന്ന എല്ലാ ആൺകുഞ്ഞുങ്ങളെയും കംസനു കൊടുക്കാമെന്ന് ഏൽക്കുകയും ചെയ്യുന്നു. ഇത്രയും ഭാഗങ്ങളാണ് കൂടിയാട്ട മഹോത്സവഅരങ്ങിൽ അവതരിപ്പിച്ചത്. മിഴാവിൽ കലാമണ്ഡലം എ.എൻ. ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, താളം സരിത കൃഷ്ണകുമാർ.ജനുവരി 1 മുതൽ 12 വരെ മാധവനാട്യഭൂമി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലാണ് കൂടിയാട്ട മഹോത്സവം. ജനുവരി 2 -ാം തിയതി മായാസീതാങ്കം കൂടിയാട്ടം, ലക്ഷ്മണനായി അമ്മന്നൂർ രജനീഷ് ചാക്യാർ, സീതയായി സരിത കൃഷ്ണകുമാർ, രാവണനായി സൂരജ് നമ്പ്യാർ. സമയം 6 മണി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top