മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ രീതിയിലും നിർമ്മിച്ച കേക്കുകൾ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു


ഇരിങ്ങാലക്കുട :
ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ ആരോഗ്യവകുപ്പിന്‍റെ പരിശോധന. നിർമാണ യൂണിറ്റുകളിൽ നിന്നും വൃത്തിഹീനമായ രീതിയില്‍ ഉണ്ടാക്കിയ കേക്കുകൾ പിടിച്ചെടുത്തു. മാപ്രാണത്തെ സുരു ബേക്കറി നിർമാണ യൂണിറ്റ് , റോയൽ യൂണിറ്റ് എന്നിവടങ്ങളിൽനിന്നും കേക്കുകളും ക്രൈസ്റ്റ് കോളേജിന് സമീപത്തെ KL 45 റെസ്റ്റോറന്റിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.

ബേക്കറികൾ, കേക്ക് ഉത്പാദനകേന്ദ്രങ്ങൾ, ബേക്കറികൾ, ഹോട്ടലുകൾ കേന്ദ്രീകരിച്ചുളള പരിശോധനയാണ് നടന്നത്. കേക്കുകളിലും മറ്റ് മധുരപലഹാരങ്ങളിലും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നാണ് പരാതി. ബട്ടർ പേപ്പറുകളിൽ വച്ച് നിർമിക്കേണ്ട കേക്കുകൾ പകരം ന്യൂസ് പേപ്പറുകളിൽ നിർമിക്കുന്ന രീതിയാണ് പലയിടത്തും പിന്തുടരുന്നത് . ഇതിലൂടെ വിഷാംശമുള്ള പ്രിന്റിങ് ഇങ്ക് കേക്കുകളിൽ കലരാനിടയുണ്ട്. ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കാം.

Leave a comment

Top