ജാപ്പനീസ് കലാകാരി യൂകോ കസേകി നയിച്ച ബൂട്ടോ ശിൽപശാല സമാപിച്ചു

ഇരിങ്ങാലക്കുട : ജപ്പാൻ ഫൗണ്ടേഷനും ട്രിവി ആർട് കൺസേൺസും ചേർന്ന്, ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആതിഥേയത്വത്തിൽ ജാപ്പനീസ് ബൂട്ടോ കലാകാരിയായ യൂകോ കസേകി നയിച്ച ത്രിദിന ബൂട്ടോ ശിൽപശാല മണ്ണാത്തിക്കുളം റോഡിലെ വാൾഡനിൽ സമാപിച്ചു. പി. കെ. ഭരതൻ, രേണു രാമനാഥ് എന്നിവർ ശില്പശാലയിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശില്പശാല കോ-ഓർഡിനേറ്റർ അർജുൻ ആയില്ലത്തും ചടങ്ങിൽ പങ്കെടുത്തു.

ബർലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജാപ്പനീസ് കലാകാരിയാണു യൂകോ കസേകി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ ജപ്പാനിൽ ഉടലെടുത്ത സമകാലീന ഡാൻസ് തിയേറ്റർ രൂപമാണു ബൂട്ടോ. ഹിജികാത തത് സുമി, ഓഹ് നോ കാസുവോ എന്നീ കലാകാരരാണു ബൂട്ടോയ്ക്ക് രൂപം കൊടുത്തത്. ആ കാലഘട്ടത്തിൽ ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്ന പാശ്ചാത്യകേന്ദ്രീകൃതമോ, അല്ലെങ്കിൽ പാരമ്പര്യകലാരൂപമായ നോഹിന്റെ സ്വാധീനത്തിൽ രൂപം കൊണ്ടതോ ആയ നൃത്തരൂപങ്ങളിൽ നിന്നുള്ള വ്യതിചലനമായാണു ബൂട്ടോ രൂപം കൊണ്ടത്. യൂകോ കസേകിയുടെ ആദ്യ കേരള സന്ദർശനമാണിത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്ന സാംസ്കാരിക സംഘടനയാണു ട്രിവി ആർട് കൺസേൺസ്. തിരുവനന്തപുരത്തെ കാമിയോ ലൈറ്റ് ഹൗസുമായി സഹകരിച്ച് കാമിയോ ലൈറ്റ് ഹൗസിൽ വെച്ചും ത്രിദിന ബൂട്ടോ ശില്പശാല നടത്തിയിരുന്നു.

Leave a comment

Leave a Reply

Top