നൂറ്റാണ്ടിന്‍റെ ചരിത്രമുറങ്ങുന്ന ‘കച്ചേരിവളപ്പ് ലെ കഫേ’ ഇനി രുചിയുടെ പെരുമയിൽ അറിയപ്പെടാൻ ഒരുങ്ങുന്നു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുടയുടെ ചരിത്ര വസ്തുതകളും രുചികരമായ ഭക്ഷണവും ഒരേ മേൽക്കൂരക്ക് കീഴിൽ അണിനിരത്തുകയും മുഖം നോക്കിയിരുന്നു സംവദിക്കാനുള്ള ക്രീയേറ്റീവ് ഇടങ്ങൾ ഒരുക്കിയും നൂറ്റാണ്ടിന്‍റെ ചരിത്രമുറങ്ങുന്ന ‘കച്ചേരിവളപ്പ് ലെ കഫേ’ ഇനി രുചിയുടെ പെരുമയിൽ അറിയപ്പെടാൻ ഒരുങ്ങുന്നു. ‘ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ആർട്ട്‌ കഫേ’എന്ന ഈ ലക്ഷ്യത്തിലേക്കുള്ള ഈ സംരംഭത്തിന് പുറകിൽ ഐ.ടി ബിരുദധാരിയായ ആദർശ് രവിന്ദ്രനെന്ന യുവാവാണ്. കൂടൽമാണിക്യം കച്ചേരി വളപ്പിൽ 1800 കളുടെ മദ്ധ്യത്തിൽ കൊച്ചി രാജ്യത്തിലെ രണ്ടാമത്തെ കച്ചേരിയായി (കോടതിയായി) മുകുന്ദപുരം കച്ചേരി രാമവർമ XIV നാൽ സ്ഥാപിക്കപെട്ടതാണെന്ന് കരുതുന്ന ഇവിടെ, ”കച്ചേരിവളപ്പ് ലെ കഫേ’ ഇപ്പോൾ പ്രവർത്തിക്കുന്നിടം 1927 ൽ കോടതിയുടെ അനുബന്ധ കെട്ടിടമായി നിർമ്മിച്ചതാണ്.

കൂടൽമാണിക്യം ദേവസ്വം കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങൾ വ്യാപാരത്തിനായി ലേലം ചെയ്യുന്നു എന്നറിഞ്ഞു എത്തിയപ്പോൾ തന്നെ കോടതിയുടെ മുൻവശത്തെ ഗുമസ്തന്മാർ ഉപയോഗിച്ചു പോന്നിരുന്ന ഈ കെട്ടിടം ആദർശിന്‍റെ ശ്രദ്ധയിൽ പെടുകയും, ലേലത്തിൽ ലഭിച്ചപ്പോൾ , കെട്ടിടത്തിന്‍റെ പഴമയും തനിമയും നിലനിറുത്തി ഇത്തരം ഒരു കോൺസെപ്റ് കഫേ തുടങ്ങണമെന്ന് ആശയം ഉദിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ ‘ലക്ഷ്മി ഗ്രൂപ്പ്’ കുടുംബാംഗംകൂടിയാണ് ആദർശ്. ഇടവേളകളിൽ കൂട്ടുകാർക്കൊപ്പം പുറത്തിറങ്ങുമ്പോൾ ഭക്ഷണം കഴിച്ചു മടങ്ങുന്ന രീതിയിൽ നിന്നും ഈ കഫേ ഒരു പുത്തൻ മാറ്റം സൃഷ്ടിക്കുമെന്ന് കരുതുന്നതായി അദ്ദേഹം കരുതുന്നു. 100 വർഷത്തോളം പഴക്കമുള്ള കെട്ടിടം അതുപോലെ സംരക്ഷിച്ചും, അതെ തറയോടുകളും, ഇരുവരി മേലോടുകളും ഉപയോഗിച്ചും,ചുമരുകളിൽ ചെങ്കല്ലുകൾ ചെത്തിമിനുക്കി മണ്ണുകൊണ്ട് പ്ലാസ്റ്റർ ചെയ്തും, അതിൽ ഇരിങ്ങാലക്കുടയുടെ ചരിത്രനിമിഷങ്ങളുടെ ചിത്രങ്ങൾ വിവരണങ്ങൾ സഹിതം പതിച്ചും ”കച്ചേരിവളപ്പ് ലെ കഫേ’ യുടെ അന്തരീക്ഷം വ്യത്യസ്തമാക്കിയിട്ടുണ്ട്.

ഡിസംബർ 12-ാം തിയതി രാവിലെ മുതൽ പ്രവർത്തനമാരംഭിക്കുന്ന ”കച്ചേരിവളപ്പ് ലെ കഫേ’ യിൽ സംഗീതവും, കഥകളും, പുസ്തകങ്ങളും, ചർച്ചകളും ഒപ്പം നല്ല രുചികളും സർഗാത്മകമായ ഒരിടത്ത് ഒത്തുചേരുന്നതിന്‍റെ അനുഭവം നമ്മൾക്ക് സമ്മാനിക്കും. ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല എന്ന് ആദർശും സുഹൃത്തുക്കളും പറയുന്നു. എന്നാൽ ഇതേ പോലെ മറ്റുള്ളവർ അസാധ്യം എന്നു കരുതുന്ന സ്വപ്നങ്ങൾ കാണുന്ന, അങ്ങനെ ജീവിതം ക്രീയേറ്റീവ് ആയ ഒരിടമാണ് എന്നു പ്രഖ്യാപിക്കുന്ന എല്ലാവരുടെയും ഇടമായി ഈ ആർട്ട്‌ കഫേ മാറുക എന്നതാണ് ഞങ്ങളുടെ സ്വപ്നമെന്ന് ഈ യൂവാക്കൾ പറയുമ്പോൾ , ഇത്തരം സംരംഭങ്ങൾ വിജയിപ്പിച്ചു കൊടുക്കുവാൻ നമ്മളും ഇവർക്ക് പ്രോത്സാഹനങ്ങളുമായി മുന്നോട്ടിറങ്ങണം.

ഫ്യൂഷൻ ഭക്ഷണരീതികളാണ് ഇവിടെയുണ്ടാകുക. നാടൻ കഞ്ഞി മുതൽ പുതുതലമുറ ഭക്ഷണങ്ങൾവരെ ഇവിടെ ഒരുക്കുന്നുണ്ട്. രാവിലെ 8 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. മാത്രവുമല്ല പുറകിലായി ഒരു ഔട്ട് ഡോർ സോഷ്യലയ്സിങ് കോർണറും ഒരുങ്ങുന്നുണ്ട്. ഇവിടെ ചർച്ചകൾക്കുള്ള ഇടമാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ഇന്റീരിയർ ഡിസൈനർ ശ്രീജിത്ത് മേനോൻ ആണ് തനിമ ചോരാതെ ”കച്ചേരിവളപ്പ് ലെ കഫേ’ ഒരുക്കിയെടുത്തത്. ആദ്യകാലത്ത് ഇരിങ്ങാലക്കുട സന്ദർശിച്ച പല പ്രമുഖരും ഇരുന്ന രാജകിയ കസേര,കഫേയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് , കച്ചേരി വളപ്പിലെ കഫേയായതുകൊണ്ട് ഒരു സാക്ഷിക്കൂടും കഫേയുടെ ക്യാഷ് കൗണ്ടറിനോട് ചേർന്ന് ഒരിക്കിയിട്ടുണ്ട്. കഫേയിലെ ഇരിപ്പിടങ്ങളും പഴമയുള്ള നെയ്ത്തുകസേരകളാണ്. ആദ്യകാല വാൽവ് റേഡിയോയും, ബ്രിട്ടീഷ് കാലത്തെ സ്പടിക തൂക്കുവിളക്കുകളും, പഴയകാല സോഡാകുപ്പികളും ‘കച്ചേരിവളപ്പ് ലെ കഫേ’യുടെ അകത്തളങ്ങൾക്ക് മിഴിവേകുന്നുണ്ട്.

Leave a comment

Top