നഗരത്തില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം, നഗരസഭാ മുൻകൂറായി കരാറുകാർക്ക് രണ്ടു ലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം നൽകി, പക്ഷെ പിടികൂടിയത് വെറും 64 എണ്ണം മാത്രം

പിടികൂടാനായി മുൻക്കൂറായി പണം നൽകിയിട്ടും നഗരസഭ പ്രദേശങ്ങളിലെ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരുന്നതോടൊപ്പം നഗരസഭ ആസ്ഥാനത്തുപോലും പട്ടാപ്പകൽ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി ഇപ്പോൾ മാറിക്കഴിഞ്ഞിട്ടുണ്ട്


ഇരിങ്ങാലക്കുട
: തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കൗൺസിലർമാർ പരാതിയുമായി നഗരസഭയിൽ, എന്നാൽ തെരുവ് നായ്ക്കളെ എ.ബി.സി പദ്ധതിയിൽ പെടുത്തി പിടികൂടുന്നതിന് നോഡൽ ഏജൻസിക്ക് ഇരിങ്ങാലക്കുട നഗരസഭ 2,98,200 രൂപ മുൻകൂറായി നൽകിയെങ്കിലും കരാർ കാലാവധി അവസാനിക്കാനിരിക്കെ വെറും 64 നായ്കളെയാണ് ഇതുവരെ പിടികൂടി വന്ധികരിച്ചതെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. 142 നായ്ക്കളെ വരെ പിടികൂടാനുള്ള തുകയാണ് മുൻകൂറായി നൽകിയിട്ടുള്ളത്. ഈ കണക്കുകൾ കൃത്രിമാണെന്നും , മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇപ്പോൾ ആക്ഷേപം ഉയരുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിനാണ് ഇത് നിരീക്ഷിക്കാനുള്ള ചുമതല, കരാറുകാർ നായ്ക്കളെ നഗരസഭ ഓഫീസിനു മുന്നിൽ എത്തിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. എന്നാൽ ഇത് മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടക്കുന്നതെന്ന് ഭൂരിപക്ഷം കൗണ്സിലർമാരുടെയും പരാതി. തങ്ങളുടെ വാർഡിൽ നിന്നും തെരുവുനായ്ക്കളെ പിടിക്കൂടുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നു ഭരണകക്ഷി കൗൺസിലർ അഡ്വ. വി.സി വർഗ്ഗീസ് തുറന്ന് പറഞ്ഞു. ഇതിനെത്തിരെ ചെയർപേഴ്‌സണോട് പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരുവ് നായ്ക്കളെ പിടികൂടുമ്പോൾ ആ സ്ഥലത്തു വാർഡ് കൗൺസിലറും നഗരസഭ പ്രതിനിധിയും ഉണ്ടാവണം എന്നാണ് ചട്ടമെന്നും പക്ഷെ ഇവിടെ അങ്ങിനെയല്ല നടക്കുന്നതെന്നും നഗരസഭ ചെയർപേഴ്സൺ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. എ.ബി.സി പദ്ധതി പ്രകാരം ജില്ലാ നോഡൽ ഏജൻസിയായി കുടുംബശ്രീയെയാണ് തെരുവ് നായ്ക്കളെ പിടികൂടി വന്ധിക്കരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് പദ്ധതിപ്രകാരമുള്ള മുഴുവൻ തുകയും നഗരസഭ മുൻകൂർ നൽകിയെന്നും ചെയർപേഴ്സൺ സമ്മതിച്ചു. എന്നാൽ നഗരസഭയിലെ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇവയെ പിടികൂടാനായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ചെയർപേഴ്സൺ പറഞ്ഞു. നഗരസഭ സെക്രട്ടറി ഇതിനു ചുമതലയുള്ളവരെ കഴിഞ്ഞ മാസം പോയി കണ്ടിരുന്നതായും ചെയർപേഴ്സൺ പറഞ്ഞു. പൊതുപ്രവർത്തകനായ്‌ ഷിയാസ് പാളയംകോട്ട് ഇത് സംബന്ധിച്ച ഒരു വിവരാവകാശം വച്ചിരുന്നു, നഗരസഭ നൽകിയ മറുപടിയിലാണ് ഡിസംബർ മാസം വരെ 64 തെരുവ് നായ്ക്കളെ മാത്രം പിടികൂടിയ കാര്യം പറയുന്നത്. പിടികൂടാനായി മുൻക്കൂറായി പണം നൽകിയിട്ടും നഗരസഭ പ്രദേശങ്ങളിലെ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരുന്നതോടൊപ്പം നഗരസഭ ആസ്ഥാനത്തുപോലും പട്ടാപ്പകൽ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി ഇപ്പോൾ മാറിക്കഴിഞ്ഞിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top