പ്രവാസി നിക്ഷേപ സാധ്യതയോടെ കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി വരും വർഷങ്ങളിൽ മാറും – സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ


നടവരമ്പ് :
കേരളത്തിന്‍റെ വികസന ചരിത്രത്തിന് ഒരു പുതിയ അദ്ധ്യായമായി കേരള ബാങ്ക് എൻ.ആർ.ഐ നിക്ഷേപ സാധ്യതയോടെ വരും വർഷങ്ങളിൽ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്‍റെ നടവരമ്പിലെ സഹകരണ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിമുതൽ ജില്ലാ ബാങ്കുകളുമായിട്ടല്ല അഫിലിയേറ് ചെയ്യുകയെന്നും, പകരം കേരള ബാങ്ക്‌മായിട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമെന്നനിലയിൽ കേരള ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പ്രാഥമിക ബാങ്കുകളിലും ലഭ്യമാകും എന്നും അദ്ദേഹം പറഞ്ഞു.

സംയോജിത സഹകരണ വികസന പദ്ധതി (ICDP ) ഉൾപ്പെടുത്തിയാണ് മന്ദിര നിർമ്മാണം. പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷനായിരുന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ വിശിഷ്ടാതിഥിയായിരുന്നു. മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.സി അജിത്ത്, ഐ.സി.ഡി.പി ഡെവലപ്മെന്റ് ഓഫീസർ എം രഘുനാഥ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ഡെയ്സി ജോസ്, നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം നസറുദ്ദീൻ, വേളൂക്കര പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ അനിത ബിജു, സിപിഐ എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ, അഡ്വ. കെ ആർ വിജയ എന്നിവർ സന്നിഹിതരായിരുന്നു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് മേനോൻ സ്വാഗതവും, സെക്രട്ടറി സി കെ ഗണേഷ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top