ഹെൽത്തി കേരളയുടെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനകളിൽ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി


എടതിരിഞ്ഞി : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി എടതിരിഞ്ഞി, പടിയൂർ, വളവനങ്ങാടി, പൂമംഗലം, വെള്ളാങ്കല്ലൂർ, മനക്കപ്പടി, കോണത്തുകുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, ബേക്കറി നിർമാണ യൂണിറ്റ്, സൂപ്പർ മാർക്കറ്റുകൾ, കൂൾ ബാറുകൾ എന്നിവയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയതിൽ ധന്യ ബേക്കറി എടതിരിഞ്ഞി, അമേസ് ബേക്കറി അരിപ്പാലം, ചാണാശ്ശേരി സൂപ്പർ മാർക്കറ്റ് വെള്ളാങ്ങല്ലുർ, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് വെള്ളാങ്ങല്ലൂർ, ടാസ് സ്റ്റോഴ്സ് മനക്കലപ്പടി എന്നിവയിൽ ക്രമക്കേടുകൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഈന്തപ്പഴം, ചപ്പാത്തി പാക്കറ്റുകൾ, ഉഴുന്നുവട, സോഡാ ബോട്ടിലുകൾ എന്നിവയും ലേബൽ ഇല്ലാത്ത ചായപ്പൊടി മുന്തിരി (ഉണക്ക), കശുവണ്ടിപ്പരിപ്പ് എന്നിവ വിൽപന നടത്തുന്നത് കണ്ടെത്തി. ലൈസൻസ് പുതുക്കാതിരിക്കൽ, പാചകത്തിന് പഴയ എണ്ണ ഉപയോഗിക്കൽ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, വൃത്തിഹീനമായി സ്ഥാപനം പ്രവർത്തിക്കൽ എന്നീ ക്രമക്കേടുകൾ കണ്ടെത്തി പിഴ ഈടാക്കുകയും തുടർനടപടികൾക്കായി നോട്ടീസ് നൽകുകയും ചെയ്തു. വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഓഫീസർ വി ജെ ബെന്നിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, പി കെ ലീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.ശരത്കുമാർ, കെ എസ് ഷിഹാബുദ്ധീൻ , എം എം മദീന, ടി വി ജീൻവാസ് , പി ജിനേഷ് എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top