കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആറിൽ സ്ഥാപിക്കും : മന്ത്രി കെ.കെ ശൈലജ ടീച്ചർ


കല്ലേറ്റുംകര :
സെറിബ്രൽ പാൾസിയും മറ്റ് അനുബന്ധ അവസ്ഥകൾക്കും സഹായകരമാകുന്ന രീതിയിൽ രണ്ട് കോടി രൂപ ചെലവഴിച്ച് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനലിൽ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു . ഭിന്നശേഷി വിഭാഗത്തിന്‍റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എൻ ഐ പി എം ആറിനെ ദി സെന്റർ ഓഫ് എക്‌സലൻസ് ആക്കിമാറ്റുന്നതിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഹൈഡ്രോ തെറാപ്പി സെന്റർ ആരംഭിക്കുന്നത്.

കുട്ടികൾക്ക് ചലന വേഗം ലഭിക്കുന്നതിന് സ്പീഡർ റിക്കവറി എന്നത് അടിസ്ഥാനമാക്കിയാണ് ഹൈഡ്രോ തെറാപ്പി സെന്ററിന്റെ പ്രവർത്തനം സജ്ജീകരിക്കുക. ഓരോ ദിവസം കഴിയുംതോറും ഭിന്നശേഷി രംഗത്ത് ഒരു ലോകോത്തര സ്ഥാപനമായി മാറുന്നതിന്റെ പടവുകൾ എൻ ഐ പി എം ആർ എന്ന സ്ഥാപനം കയറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രക്ഷിതാക്കൾക്കൊപ്പം നിന്ന് കൂടുതൽ പരിചരണം വേണ്ട കുട്ടികൾക്ക് സഹായമാകുന്ന രീതിയിലാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് പോകുന്നത്. ഭിന്നശേഷി കണ്ടെത്തുന്നതിനും വേണ്ട സഹായ ഉപകരണങ്ങൾ കണ്ടെത്തുന്നതിനും മറ്റ് ചികിത്സകൾക്കുമായി പദ്ധതികൾ ആവിഷ്‌ക്കരിക്കും. എൻ ഐ പി എം ആറിൽ തുടങ്ങിയ സെൻസറി പാർക്ക് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരിക്കും. കളികളിലൂടെയുള്ള പഠനവും ചികിത്സാ രീതികളുമെല്ലാം ലോകോത്തര നിലവാരം പുലർത്തുന്നവയാണ്. ഒരു കൈസഹായം വേണ്ടവരെ കൂടെ നിർത്തുവാനും വേണ്ട പരിചരണം നൽകുവാനുമായി ഓരോ ജില്ലയിലും റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പ്രൊഫ കെ യു അരുണൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സാന്റോ, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, പഞ്ചായത്ത് മെമ്പർ ഐ കെ ചന്ദ്രൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ സതീഷ് എന്നിവർ സംസാരിച്ചു. എൻ ഐ പി എം ആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top