രാജ്യത്തെ പ്രഥമ ലേഡി ഫാരിയറായി ഒലി അമൻ ജോധാ എന്ന 14 വയസ്സുകാരി


ഇരിങ്ങാലക്കുട :
പാരമ്പരാഗത പഠനം അസ്വസ്ഥമാക്കിയപ്പോൾ അതുപേക്ഷിച്ചു പ്രകൃതി പഠനത്തിലേക്കിറങ്ങിയ ഒലി അമൻ ജോധാ എന്ന 14 വയസ്സുകാരി ഇപ്പോൾ എത്തി നിൽക്കുന്നത് രാജ്യത്തെ പ്രഥമ ലേഡി ഫാരിയറായാണ്. ചെറുപ്പം മുതലേ തന്‍റെ ഉള്ളിലെ സാഹസികത നഗര വീഥികളിലൂടെ താൻ ഇണക്കിയ കുതിരകളെ പായിച്ച് വ്യത്യസ്തയാകുകയാണ് ഈ മിടുക്കി. തേനീച്ച വളർത്തലും ഗവേഷണവും, ഒപ്പം ഹോഴ്സ് റൈഡറും, ക്യാമൽ  റൈഡറുമായ ഒലിയുടെ നാലാം വയസിലാണ് അമ്മാവൻ രഘു പയ്യപ്പിള്ളിയും, ഹോഴ്സ് റൈഡറായ ഒലിയുടെ അമ്മ അമിയാതാജ്ജും സമ്മാനമായി വാങ്ങി നൽകിയ ‘അമൻചന്ദ് ‘ എന്ന കുതിരയിലൂടെയാണ് റൈഡിങ് പഠിക്കുന്നത്. കുടുംബ സുഹൃത്തായ ഊട്ടി കല്ലാറിലെ ഫോറസ്റ് ഗാർഡായ സുകുമാരനാണ് കുതിരസവാരിയുടെയും , കുതിരക്ക് ലാടം അടിക്കുന്ന ഫാരിയറിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. അതിനുശേഷം ഇതിൽ തല്പരയെന്ന് കണ്ടതിനെത്തുടർന്ന് നേപ്പാളിലെ കോൽപുരിൽ താജ് എന്ന ഫാരിയാറിൽനിന്നും ഫാരിയറിങ് പഠിച്ചു. സാകിർ അലി ഇബ്രാഹിം എന്ന സുഹൃത്തും ഫാരിയറിയിൽ നല്ല പ്രോത്സാഹനം നൽകി.

കാഴ്ചക്കാരിൽപ്പോലും ഉന്മേഷവും ഉൽസാഹവും നിറയ്ക്കുന്ന പ്രകൃതമാണ് കുതിരകൾക്കുള്ളത്, ഇവയെ ഇണക്കുക എന്നതാണ് ഒലിയുടെ ഇഷ്ട വിനോദം. ഇതുമൂലം വൈകാരികബന്ധം ദൃഢമാകുമെന്നതുമാണ് നേട്ടം. തേനീച്ച കൃഷിയിലൂടെ ദേശിയ പുരസ്‌കാരം സ്വന്തമാക്കിയ ഒലി ഇപ്പോൾ തുടർ പഠനത്തിനായി ഹൈദരാബാദിലെ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  റൂറൽ ഡെവലൊപ്മെന്റ്  ആൻഡ്  പഞ്ചായത്തീരാജ് ക്യാമ്പ്‌സിലും , എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലും എപ്പിക്ക് കൾച്ചറിൽ റിസോഴ്സ് പേഴ്സണായി ജോലിയും ഒപ്പം ഗവഷേണ പഠനവും നടത്തുന്നു. തേനീച്ച വളർത്തലിൽ മറ്റുള്ളവർക്ക് പരിശീലനം നൽകുവാനും ഒപ്പം ഗവേഷണ സൗകര്യവും ഇവിടെയുണ്ട്. ഇതിനിടയിലാണ് ഫാരിയറിങ്ങിന് വേണ്ടി സമയം ചിലവാക്കുന്നത്. ഹൈദരാബാദിൽ പലവിധ ആഘോഷങ്ങൾക്കും കുതിരകൾ അനിവാര്യമായതിനാൽ അവിടെ ഒരു മാസം ഇരുപതിലധികം കുതിരകൾ ഒലിയുടെ അടുത്ത് ലാടം അടിക്കാൻ എത്താറുണ്ട്. തന്‍റെ അരികിൽ ഒരുതവണ വരുന്ന കുതിരകൾ പിന്നെ സ്ഥിരമായി ഇവിടെത്തന്നെയാണ് വരാരെന്നും ഒലി പറയുന്നു.


ദിവസേന കുളിപ്പിക്കല്‍, ബ്രഷ് ചെയ്യല്‍, കുളമ്പ് വൃത്തിയാക്കല്‍ എന്നിവ കുതിരയുടെ ആരോഗ്യത്തിന് നിര്‍ബന്ധമാണ്. കുളമ്പ് വൃത്തിയാക്കാതിരുന്നാല്‍ ഉണ്ടാകുന്ന രോഗമാണ് കുതിരയുടെ ആരോഗ്യത്തിന് പ്രധാനഭീഷണി. അതിനാൽ തന്നെ ഈ ജോലിയുടെ പ്രധ്യാന്യം ഒലിയുടെ ഉത്തരവാദിത്വം കൂട്ടുന്നു. തേനീച്ചകളുമായുള്ള സഹവാസത്തിലൂടെ ഒലി കുതിരക്കും കുളമ്പിലുണ്ടാക്കുന്ന ചില രോഗങ്ങൾക്ക് തേൻ ഉപയോഗിച്ചുള്ള സ്വയം വികസിപ്പിച്ച ചികിത്സാരീതികൾ ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുണ്ട് . റൈഡിങ്മൂലം കുളമ്പിലെ ലാടം തേയ്മാനംമൂലം മാസത്തിലൊരിക്കല്‍ മാറേണ്ടി വരും. ഏറ്റവും ശ്രമകരമായ ഈ ജോലിക്ക് അർദ്ധ ചന്ദ്രാകൃതിയിലുള്ള ഇരുമ്പ് കഷണം സ്വയം ഉണ്ടാക്കിയാണ് ഒലി കുതിരയുടെ കുളമ്പിനടിയിൽ കുതിരക്ക് അസൗകര്യമില്ലാത്ത രീതിയിൽ ചെറു ആണികൾ ഉപയോഗിച്ച് തറച്ചുഉറപ്പിക്കുന്നത്. ഇതിനു വേണ്ട ഉപകരണങ്ങൾ എല്ലാം ഒലിയുടെ പക്കൽ എപ്പോളും ഉണ്ടാകും . കറുത്ത കുതിരകൾ ഉപയോഗിച്ച് തേയ്മാനം വന്നു മാറ്റിയ ലാടം, ഉത്തരേന്ത്യക്കാർക്ക് ‘ഭാഗ്യം’ കൊണ്ടുവരുന്ന വസ്തു എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്, ഇതെല്ലം ഓരോ വിഭാഗം ജനങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമാണെന്നാണ് ഒലിയുടെ അഭിപ്രായം.

പ്രോത്സാഹനങ്ങൾ കൊണ്ടുമാത്രമാണ് തനിക്ക് ഇത്രയും നേട്ടങ്ങൾ എത്തിപ്പിടിക്കാൻ സാധിച്ചതെന്ന് വിനയത്തോടെ ഒലി ഓർക്കുന്നു. ബയോഡിവേര്സിറ്റി ബോർഡ് ഹെഡ് ഡോ. ബാലകൃഷ്ണൻ, ഹൈദരാബാദിലെ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  റൂറൽ ഡെവലൊപ്മെന്റ്  ആൻഡ്  പഞ്ചായത്തീരാജ് ക്യാമ്പസിലെ ഡെപ്യൂട്ടി ഡയറക്ടർ രാധിക റെസ്റ്റോജി ഐ.എ.എസ്, രമേശ് ശക്തിവേൽ ഐ.എ.എസ്, മുഹമ്മദ് ഖാൻ, എം.എസ്.എസ്.ആർ എഫിലെ ഡെവലൊപ്മെൻറ് കോഓർഡിനേറ്റർ ഗോപൽജി, ടി. രവീന്ദ്രൻ, ജയേഷ്, ജോസഫ് നാട്ടുകാരായ പ്രൊഫ്. ആർ ജയറാം, പത്മ ടീച്ചർ, ബിജോയ് എം ജോൺ, ജാസ്മിൻ, നൂഷിബാ കെ എം, സീന ആരണ്യ, തോമസ്, ശരത്, വിഷ്ണുജിത്, സി എസ് ചന്ദ്രിക, സലീഷ്, സഞ്ജിത്, ദിൽഷാദ്, അജീഷ്, ജ്യോതി തുടങ്ങി നിരവധി പേരുടെ സഹായങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നന്ദിയോടെ ഒലി ഓർക്കുന്നു.. വായനാട്ടിലാണ് ജനിച്ചതെങ്കിലും ഇപ്പോൾ കുറച്ചു വർഷങ്ങളായി ഇരിങ്ങാലക്കുടക്ക് സമീപം പാപാത്തുമുറിയിലായിരുന്നു അമ്മയുമൊത്ത് താമസം. ഇവിടെ തേനീച്ചകളും മറ്റു അനുബന്ധ ഉത്പന്നങ്ങളുടെയും വിപണനം ഉണ്ടായിരുന്നു, എന്നാൽ മഹാപ്രളയത്തിൽ എല്ലാം നഷ്ട്ടപെട്ടു.

ഏറെ പ്രോത്സാഹനം ഇഷ്ടപെടുന്ന ഒരു മൃഗമാണ് കുതിര, ഈ ചെറു പ്രായത്തിൽത്തന്നെ രാജ്യത്തെ പ്രഥമ ലേഡി ഫാരിയറായിമാറിയ ഒലി അമൻ ജോധക്കും നാം ഏറെ പ്രോത്സാഹനം നൽകേണ്ടതുണ്ട് . സ്വന്തമായി ഒരു പാർപ്പിടം പോലുമില്ലാത്ത ഒലിയുടെ സ്വപനം, ഒരു നല്ല ഹോഴ്സ് ജോക്കിയാകാനും അതുപോലെ കുതിരകളെ ചികിൽസിക്കാനും പരിപാലിക്കാനും ഒരു എക്വിൻ വെറ്ററിനറിയാനാകനുമാണ്. തന്‍റെ കഴിവുകളെ മനസിലാക്കി ഒരു സഹായഹസ്തം തീർച്ചയായും വരുമെന്ന പ്രതീക്ഷയിൽ ഈ കൊച്ചുമിടുക്കി ഈ മേഖലയിൽ പുതിയ അറിവുകൾ സ്വായത്തമാക്കി ഒരു അശ്വമേധം കണക്കേ മുന്നേറുന്നു .

Leave a comment
Top