ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം പ്ലാവ് ജയൻ ഏറ്റുവാങ്ങി


ഇരിങ്ങാലക്കുട :
കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ നൽകിവരുന്ന പരമോന്നത ബഹുമതിയായ ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം അവിട്ടത്തൂർ സ്വദേശി പ്ലാവ് ജയൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമാറിൽനിന്നും ഏറ്റുവാങ്ങി. വൈവിധ്യങ്ങളായ വിത്ത് പ്ലാവുകൾ സംരക്ഷിച്ചുപോരുന്ന ജയന്‍റെ വർഷങ്ങളായുള്ള പ്രവർത്തിയെ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്. കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രമായ പുസ ക്യാമ്പസ്സിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്ലാവ് ജയനെയും ഭാര്യ സ്മിതയെയും ദേശിയ പതാകയുടെ നിറത്തിലുള്ള പാരമ്പര്യ തൊപ്പികൾ അണിയിച്ചു ആദരിച്ചു വേദിയിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചത്. ഒരുലക്ഷം രൂപയും,പ്രശസ്തിപത്രവും, ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.

ഡൽഹിയിലെ പുസ ക്യാമ്പസ്സിൽ നടന്ന കാർഷിക എക്സിബിഷനിലെ കേരളത്തിന്‍റെ പവലിയൻ സന്ദർശിച്ച കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമാറിനെ പ്ലാവില കൊണ്ടുണ്ടാക്കിയ കിരീടം അണിയിച്ചുകൊണ്ട് സ്വീകരിച്ചത് പ്ലാവ് ജയനായിരുന്നു. ഡൽഹിയിൽ പ്ലാവുകൾ വച്ചുപിടിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്ലാവ് ജയൻ ഇതുവരെ വൈവിധ്യങ്ങളായ 23 തരം വിത്ത് പ്ലാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. പല ഭാഗങ്ങളിലുമായി ഇരുപതിനായിരത്തിലധികം തൈകൾ നട്ടു വളർത്തുന്നുമുണ്ട്.

Leave a comment

Top