വിനോദയാത്രാ തുകയുടെ ഒരു ഭാഗം ആദിവാസി കുടുംബങ്ങൾക്കായി മാറ്റിവച്ച് വിദ്യാർഥികൾ


താണിശ്ശേരി :
വിനോദയാത്രയ്ക്കായി മാതാപിതാക്കൾ നൽകിയ തുകയുടെ ഒരു ഭാഗം വയനാട്ടിലെ പന്ത്രണ്ടോളം ആദിവാസിക്കുട്ടികൾ പഠിക്കുന്ന പിന്നോക്ക മേഖലയിലെ കോളനിയിലെ കുടുംബങ്ങൾക്കായി നല്കിക്കൊണ്ട് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ സീനിയർ വിഭാഗം കുട്ടികൾ മാതൃകയായി. വയനാടിനെ അടുത്തറിയുന്നതിനൊപ്പം ഇത്തരം ഒരു പ്രവർത്തനത്തിനും കൂടി കുട്ടികൾ സമയം കണ്ടെത്തി. വയനാട് നൂൽപുഴ പഞ്ചായത്തിലെ നായ്ക്കട്ടി പ്രദേശത്തുള്ള മറുകര ആദിവാസി കോളനിയാണ് കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം സന്ദർശിക്കുകയും അവിടെയുള്ള ഓരോ കുടുംബത്തിനും 750 രൂപയോളം മൂല്യമുള്ള നിത്യോപയോഗവസ്തുക്കളടങ്ങുന്ന കിറ്റ് സമ്മാനിക്കുകയും ചെയ്തത്.

പന്ത്രണ്ടോളം ആദിവാസിക്കുട്ടികൾ പഠിക്കുന്ന ഈ കോളനിയിലെ സന്ദർശനം സമൂഹത്തോടും സഹജീവികളോടും കരുതൽ കാണിക്കണമെന്ന സന്ദേശമാണ് നൽകുന്നതെന്ന് സംഘത്തിലുണ്ടായിരുന്ന സ്കൂൾ മാനേജർ സിസ്റ്റർ മേഴ്‌സി കരിപ്പായി പറഞ്ഞു. നായ്ക്കട്ടി മേഖലയിലെ ട്രൈബൽ വെൽഫെയർ പ്രൊമോട്ടർ കെ. കെ. സിന്ധു, വിമല സ്കൂൾ അക്കാഡമിക് കോഓർഡിനേറ്റർ ജെയ്‌സൺ കവലക്കാട്ട് എന്നിവരാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top