ജലനിധി പദ്ധതിക്കായുള്ള ലക്ഷങ്ങളുടെ പെെപ്പ് പഞ്ചായത്തിന്‍റെ അനാസ്ഥമൂലം നശിക്കുന്നു


വള്ളിവട്ടം :
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 14,15,16 വാര്‍ഡുകളിലേക്ക് ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 36 ലക്ഷം രൂപയുടെ പദ്ധതിക്കായി ഇറക്കിയ ലക്ഷങ്ങളുടെ പെെപ്പുകള്‍ ബ്രാലം ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നു. കോണത്ത്കുന്ന് പൂവ്വത്തുംകടവ് റോഡ് കുഴിച്ച് പെെപ്പിടാന്‍ പൊതുമരാമത്ത് വകുപ്പ് ഇതേവരെ അനുമതി നല്‍കിയിട്ടില്ല. ഈ അടുത്ത കാലത്ത് ഈ റോഡ് റീ ടാറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇനി ടാറിംഗ് നടത്തിയ റോഡ് പൊളിച്ച് വേണം പെെപ്പിടാന്‍. ഇത് വലിയ നഷ്ടവും റോഡ് വീണ്ടും സഞ്ചാര യോഗ്യമല്ലാതാകുന്ന അവസ്ഥയും സൃഷ്ടിക്കും.

അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഇതിന് കാരണം. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ആയിരിക്കുമ്പോഴാണ് പദ്ധതി കൊണ്ട് വന്നത്. ജലനിധിയുടെ ഭാഗമായിട്ടുള്ള ഈ പദ്ധതിയും ഇപ്പോഴത്തെ എം.എല്‍.എയും പഞ്ചായത്ത് ഭരണ സമിതിയും എത്രയും വേഗം നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എച്ച്. അബ്ദുള്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top