ഓണവിപണിയിൽ ഇത്തവണയും മുന്നിൽ കായ വറുത്തതും ശർക്കര വരട്ടിയും തന്നെ


ഇരിങ്ങാലക്കുട :
ഉത്രാട പാച്ചിലിലും ഇത്തവണ ഓണവിപണിയിൽ ആവശ്യക്കാരേറെ കായ വറുത്തത്തിനും ശർക്കര വരട്ടിക്കും തന്നെ. 300 മുതൽ 360 വരെയാണ് വിപണി വില. നേരിട്ട് കായ വറുക്കുന്നിടത്തു നിന്നും ചൂടോടെ വാങ്ങാനാണ് അധികം പേരും ഇഷ്ടപ്പെടുന്നത്. നടൻ കായാണോ, ഗുണനിലവാരമുള്ള വെളിച്ചെണ്ണയാണോ, വൃത്തിയുള്ള സാഹചര്യങ്ങളിലാണോ ഇവ തയ്യാറാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ നേരിട്ട് കണ്ടു ബോധ്യപ്പെടാൻ സാധിക്കും എന്നുള്ളതാണ് ഇതിന്‍റെ ഗുണം, ഒപ്പം വറുക്കുന്നത് കണ്ടാസ്വദിക്കാനുള്ള അവസരവും.

ഓണസദ്യയിൽ പായസത്തിന്‍റെ അതേ പ്രാധാന്യത്തോടെയാണ് പലരും കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയതും കാണുന്നത്. അതിനാൽ തന്നെ ഏവരും ഇവ രണ്ടും ചോദിച്ചു വാങ്ങുന്നുണ്ട്, അതോടൊപ്പം സൗഹൃദ സന്ദർശനങ്ങളിൽ ഓണോപഹാരങ്ങൾക്കൊപ്പം കായ വറുത്തതും ശർക്കര വരട്ടിയും സമ്മാനിക്കുന്നതും ഇപ്പോൾ പതിവാണ്. ഇതിനാൽ തന്നെ ഓണവിപണിയിൽ ഇത്തവണയും ഈ ജോഡികൾക്കാണ് ആവശ്യക്കാർ ഏറെയും.

Leave a comment

Top