വീട്ടിലേക്കു മടങ്ങുമ്പോൾ സുരക്ഷിതരാകാം


മഴവെള്ളം ഇറങ്ങി വീടുകളിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ വിശദമായ നിർദ്ദേശങ്ങൾ പുറത്തിറക്കി. മുഴുവനായി വെള്ളത്തിൽ മുങ്ങിയ വീടുകളിൽ മെയിൻ സ്വിച്ച് ഓഫ് ആക്കുക, അടഞ്ഞു കിടക്കുന്ന മുറികളിൽ വായുമലിനീകരണം സംഭവിക്കാൻ ഇടയുള്ളതിനാൽ ഉപയോഗിക്കുന്നതിനു മുൻപ് ജനലുകളും, വാതിലുകളും തുറന്നിട്ടു വായുസഞ്ചാര യോഗ്യമാക്കുക. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി വൃത്തിയാക്കുക. വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന വീടുകൾ, അംഗന വാടികൾ, സ്‌കൂളുകൾ, റേഷൻ കടകൾ തുടങ്ങി മറ്റു ഭക്ഷ്യസംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന അസംസ്‌കൃത ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. വൃത്തിയാക്കിയ വീടുകളിലും ,സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡർ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക, പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കുക. കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകൾ, ടാങ്കുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

മലിന ജലവുമായി സമ്പർക്കത്തിലാകുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികൾ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ കഴിക്കേണ്ടതുമാണ്. വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റും ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിച്ചതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. ഭക്ഷണ പാനീയങ്ങൾ സംഭരിക്കാനും, പാചകം ചെയ്യാനും ഉപയോഗിക്കുന്ന സാധന സാമഗ്രികൾ ശുദ്ധമാക്കുന്നതിന് ക്‌ളോറിനേറ്റ് ചെയ്ത ശുദ്ധ ജലം ഉപയോഗിക്കുക. ഭക്ഷണ പാനീയങ്ങൾ അടച്ചു സൂക്ഷിക്കുക. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുകു പെരുകുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരിപ്പ് ഉപയോഗിക്കുകയും,പാദങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും, മൂക്കും മറച്ചു പിടിക്കുക. പനിയോ, മറ്റു രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ചികിത്സക്ക് വിധേയമാക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതും കടിയേറ്റാൽ വൈദ്യ സഹായം തേടേണ്ടതുമാണ്. പാമ്പു കടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവയാണ്: തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി, കുന്നംകുളം താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി. പാമ്പു കടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള സർക്കാരിതര ആശുപത്രികൾ : ജൂബിലി മിഷൻ മെഡിക്കൽ കോളേജ്‌, അമല മെഡിക്കൽ കോളേജ്, ദയ ഹോസ്പിറ്റൽ, കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top