നഗരസഭയുടെ 41 ലക്ഷം രൂപയുടെ തെരുവ് വിളക്ക് കരാർ മുൻപരിചയമില്ലാത്ത കമ്പനിക്ക് കൊടുത്തതിൽ അഴിമതിയെന്ന് ആരോപണം

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ തെരുവ് വിളക്ക് കത്തിക്കുന്നത്തിന് ഇരിങ്ങാലക്കുട നഗരസഭ കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻപരിചയമില്ലാത്ത കമ്പനിക്കാണെന്നും, ഇതിൽ അഴിമതിയുണ്ടെന്നും ഇക്കാര്യം വിജിലൻസ് അനേഷിക്കണമെന്നും ബിജെപി നഗരസഭ സമിതി യോഗം ആവശ്യപ്പെട്ടു. കാലങ്ങളായി തെരുവ് വിളക്ക് കത്താത്തതിന് നടപടിയെടുക്കാതെ പരസ്പരം കുറ്റം പറഞ്ഞ് ജനങ്ങളെ വിഢിയാക്കുവാൻ ശ്രമിയ്ക്കുന്ന ചെയർപേഴ്സണും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണും രാജിവയ്ക്കുക, 41 ലക്ഷം രൂപയുടെ കരാർ വിളക്ക് കത്തിക്കുവാൻ അറിയാത്ത കമ്പനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ കൊടുത്ത കാര്യം വിജിലൻസ് അന്വേഷിക്കുക , ഒരു വർഷക്കാലമായി ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിയ യു ഡി എഫ് , എൽ ഡി എഫ് ഭരണ കർത്താക്കളെ ഒറ്റപ്പെടുത്തുക, നിർമ്മാണ മേഖലയിലെ കമ്പനിക്ക് വിളക്ക് കത്തിക്കുവാൻ കരാർ കൊടുത്ത ബുദ്ധിജീവികളെ തിരിച്ചറിയുക എന്നി ആവശ്യങ്ങൾ ചൂണ്ടി കാണിച്ച് നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിലും പ്രതിഷേധ സമരങ്ങളും ഒപ്പുശേഖരണവും നടത്തുവാൻ ബി ജെ പി നഗരസഭ സമിതി യോഗം തീരുമാനിച്ചു. മുൻസിപ്പൽ പ്രസിഡണ്ട് ഷാജൂട്ടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷൈജു കുറ്റിക്കാട്ട് മുഖ്യ പ്രഭാഷണവും നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top