മാർക്സിന്‍റെയും അംബേദ്കറുടെയും ചിന്തകൾ നൈതികമായൊരു സമൂഹ സൃഷ്ടിക്കായുള്ള പാഠങ്ങളാണെന്ന് ഡോ. സുനിൽ പി. ഇളയിടം


കുഴിക്കാട്ടുശേരി :
മാർക്സിന്‍റെയും അംബേദ്കറുടെയും ചിന്തകൾ നൈതികമായൊരു സമൂഹ സൃഷ്ടിക്കായുള്ള പാഠങ്ങളാണെന്ന് പ്രമുഖ ചിന്തകൻ ഡോ. സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. ഇവരുടെ ചിന്തകളെ പ്രത്യയശാസ്ത്രങ്ങളായല്ല, നൈതിക പാഠങ്ങളായി വേണം സമീപിക്കുവാൻ. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ‘വിമോചനത്തിന്‍റെ വിചാരധാരകൾ : മാർക്സും അംബേദ്കറും’ എന്ന വിഷയത്തിൽ ഇ.കെ. ദിവാകരൻ പോറ്റി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിഭജനങ്ങളിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യമെന്നും ഏറ്റവും ഉന്നതമായ വിഭജനമാണ് ജാതിയെന്നും മാർക്സ് ചൂണ്ടിക്കാട്ടുന്നു. ജാതിയുടെ നിർമ്മാർജ്ജനമാണ് അംബേദ്കർ ലക്ഷ്യമിട്ടത്. കറുത്ത തൊലിയിൽ ബന്ധിതമായ അധ്വാനം മോചിപ്പിക്കപ്പെട്ടാലേ വെളുത്ത അധ്വാനവും മോചിപ്പിക്കപ്പെടു എന്നു് മാർക്സ് പറഞ്ഞിട്ടുണ്ട്. മാർക്സിന്റെയും അംബേദ്ക്കറിന്റെയും ചിന്തകളിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടാൻ എളുപ്പമാണ്. എന്നാൽ അവർ തമ്മിലുള്ള ചേർച്ചകൾ കണ്ടെത്തുന്നതാണ് പ്രധാനം. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ജനാധിപത്യമായിരുന്നു അംബേദ്ക്കറുടെ ലക്ഷ്യം. അതിൽ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ ജനാധിപത്യപരമല്ലെങ്കിൽ രാഷ്ട്രീയ ജനാധിപത്യം അർത്ഥശൂന്യമാവും, അദ്ദേഹം പറഞ്ഞു.

ദളിത് ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ എസ്.മൃദുലാദേവി അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ, ഇ.കെ.ദിവാകരൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭാഷണത്തിനു ശേഷം നടന്ന സംവാദത്തിൽ പ്രൊഫ.ടി.പി.ജോർജ്, വി.ജി.പോൾ, ഷാലിമ, ബൈജു മണന്തറ, യു.എസ്. അജയകുമാർ, പി.ടി.സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. വടക്കേടത്ത് പത്മനാഭൻ സ്വാഗതവും ഇ.കെ.മോഹൻദാസ് നന്ദിയും പറഞ്ഞു.

Leave a comment

Top