ഇ.കെ.ദിവാകരൻ പോറ്റി സ്മാരക പ്രഭാഷണം ഗ്രാമികയിൽ 23ന്


കുഴിക്കാട്ടുശ്ശേരി :
ആറു പതിറ്റാണ്ടുകാലം സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന ഇ കെ.ദിവാകരൻ പോറ്റിയുടെ ഓർമ്മക്കായി ഗ്രാമിക വർഷം തോറും സംഘടിപ്പിച്ചു വരുന്ന പ്രഭാഷണം ഈ വർഷം അദ്ദേഹത്തിന്റെ 14ാം ചരമവാർഷിക ദിനമായ ജൂലൈ 23 ചൊവ്വാഴ്ച വൈകീട്ട് 4:30 ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികാഭവനത്തിൽ നടത്തുന്നു. പ്രമുഖ ചിന്തകനും വാഗ്മിയുമായ സുനിൽ. പി. ഇളയിടമാണ് സ്മാരക പ്രഭാഷണം നിർവ്വഹിക്കുന്നത്. “വിമോചനത്തിന്റെ വിചാരധാരകൾ – മാർക്സും അംബേദ്ക്കറും ” എന്നതാണു് പ്രഭാഷണ വിഷയം. പ്രശസ്ത ദളിത് ആക്ടിവിസ്റ്റും പാഠഭേദം പത്രാധിപസമിതി അംഗവുമായ മൃദുലാദേവി.എസ്. ചടങ്ങിൽ അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ അശോകൻ ചരുവിൽ ഇ.കെ.ദിവാകരൻ പോറ്റി അനുസ്മരണം നടത്തും.

മനുഷ്യവിമോചനത്തെ സ്വപ്നം കണ്ട രണ്ടു മഹാത്മാക്കളായ ചിന്തകരായിരുന്നു മാർക്സും അംബേദ്ക്കറും. എന്നാലവരുടെ വഴികൾ വ്യത്യസ്തമായിരുന്നു. അവരുടെ ചിന്തകൾ ഇന്നത്തെ പ്രതിസന്ധികൾക്ക് എന്തു പരിഹാരം നിർദ്ദേശിക്കുന്നു എന്നതും അവ സമകാലിക സമൂഹത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നതും ഇന്നേറെ പ്രസക്തമാണ്. കാലികമായി ഏറെ പ്രസക്തമായ ഈ വിഷയത്തിലുള്ള പ്രഭാഷണത്തിനു ശേഷം ശ്രോതാക്കളുടെ ഇടപെടലുകൾക്കും സംവാദത്തിനും അവസരമുണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top