തൊഴിൽ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം പണം മാത്രമാകരുതെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ


ഇരിങ്ങാലക്കുട :
തൊഴിൽ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം പണം മാത്രമാകരുത്. അഭിരുചിക്കൊത്ത തൊഴിൽ ആസ്വദിച്ചു ചെയ്യുമ്പോൾ മാത്രമേ ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു എന്ന് കേരള കലാ മണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രഥമ ബാച്ചിന്റെ കോഴ്സ് കംപ്ലീഷൻ സെറിമണിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരംഭത്തിൽ ലഭിക്കുന്ന ചെറിയ ജോലികളിൽ ഒതുങ്ങിപ്പോകാതെ കഴിവുള്ള വിദ്യാർത്ഥികൾ സ്ഥിരോത്സാഹത്തിലൂടെ ഉന്നത തൊഴിൽ മേഖലകളിൽ എത്തിച്ചേർന്നു മാനവരാശിക്ക് സേവനം ചെയ്യുന്നവരാകണം. ചെറിയ ലക്ഷ്യങ്ങളിൽ തൃപ്തരാകാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ കുതിക്കുന്നവരാകണം വിദ്യാർഥികളെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു കോളേജുകളെ അപേക്ഷിച്ചു മികവിന്റെ കാര്യത്തിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് അസൂയാവഹമായ ഔന്നത്യമാണ് പുലർത്തുന്നതെന്നും പ്രഥമ ബാച്ചിന് ലഭിച്ച മികച്ച പ്ലേസ്‌മെന്റുകൾ അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സി എം ഐ തൃശൂർ ദേവമാതാ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സി എം ഐ കോഴ്സ് കംപ്ലീഷൻ സെറിമണിക്കു സമാരംഭം കുറിച്ചു. പൂർവ വിദ്യാർഥി സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സൂര്യനെപ്പോലെ എരിയാൻ തയ്യാറുള്ളവർക്കേ സൂര്യനെപ്പോലെ പ്രകാശിക്കാനും കഴിയൂ എന്ന് സന്ദേശത്തിൽ വിദ്യാർത്ഥികളെ അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ വച്ചു ഈ വർഷം പാസ്സ് ഔട്ട്‌ ആകുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. പാസിങ് ഔട്ട്‌ ബാച്ചിലെ മികച്ച വിദ്യാർഥിയായി തെരഞ്ഞെടുക്കപ്പെട്ട ശിൽപ ശിവദാസ്, ഡിപ്പാർട്ട്മെന്റ് തലത്തിൽ മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസ് ജോർജ്, അതുൽ പരമേശ്വരൻ, സെബി ജോർജ്, ജോസഫ് ജോജോ എന്നിവരെ ആദരിച്ചു.

ചടങ്ങിൽ ക്രൈസ്റ്റ് ആശ്രമത്തിന്റെ പ്രിയോർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ , കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, ഫാ. ഡോ. ജോസ് കണ്ണമ്പുഴ, ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐ, ഡോ. വി ഡി ജോൺ, പ്രഫ. എൻ ആർ പ്രേമകുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌ സോണിയ ഗിരി, പാപ്പച്ചൻ ജോർജ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top